
ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കനക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് കരാറിലെത്തിയില്ലെങ്കിൽ ഇറാനിലെ എണ്ണപ്പാടങ്ങളും വൈദ്യുതി നിലയങ്ങളും ഉൾപ്പെടെയുള്ള ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഏപ്രിൽ ആറിന് അവസാനിക്കുന്ന ആറ് ദിവസത്തെ അന്ത്യശാസനമാണ് അമേരിക്ക ഇറാനു നൽകിയിരിക്കുന്നത്. ഇറാനിൽ ഭരണമാറ്റം എന്ന ലക്ഷ്യം അമേരിക്ക ഇതിനകം നേടിയെന്നും നിലവിലെ നേതൃത്വം പ്രായോഗികമതികളാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ സേന നീക്കം നടത്തുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ കൂടുതൽ അമേരിക്കൻ സൈനികർ പശ്ചിമേഷ്യയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
Also Read: മേഖലാ സുരക്ഷ ഉറപ്പാക്കാൻ സംയുക്ത നീക്കം; സൗദി, ഖത്തർ, ജോർദാൻ നേതാക്കൾ ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി
പതറാതെ ഇറാൻ – മധ്യസ്ഥ ശ്രമങ്ങൾ വഴിമുട്ടുന്നു
യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലം കണ്ടില്ല. തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത ചർച്ചയിലെ നിർദേശങ്ങൾ യാഥാർഥ്യബോധമില്ലാത്തതാണെന്ന് പറഞ്ഞ് ഇറാൻ തള്ളി. ഇപ്പോൾ നടക്കുന്ന നയതന്ത്ര ചർച്ചകൾ കരയുദ്ധത്തിനുള്ള മറയാണെന്നാണ് ഇറാന്റെ ആരോപണം. വരും ദിവസങ്ങളിൽ അമേരിക്ക–ഇറാൻ ചർച്ചകൾക്ക് സാഹചര്യമൊരുക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചെങ്കിലും ഇറാൻ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്.
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ പടിഞ്ഞാറൻ ഇറാനിൽ 140 തവണയാണ് ഇസ്രയേൽ സൈന്യം ബോംബാക്രമണം നടത്തിയത്. ഇറാന്റെ പ്രത്യാക്രമണത്തിൽ വടക്കൻ ഇസ്രയേലിലെ ഹൈഫ നഗരത്തിലുള്ള ബസാൻ എണ്ണ റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായി. ഇതിനുപുറമേ, ഹൂതി വിമതരും ഇസ്രയേലിന് നേരെ രണ്ടാംവട്ട ആക്രമണം നടത്തി. ഒരു മാസം പിന്നിടുന്ന യുദ്ധം മേഖലയെ കൂടുതൽ വഷളായ സാഹചര്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ഇറാന് ട്രംപിന്റെ അന്ത്യശാസനം; ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് ഭീഷണി, പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം appeared first on Express Kerala.




