
രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് പരിഹാസരൂപേണ മറുപടിയുമായി മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി പാടിയ പാട്ടിന് മറുപടിയായി ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്ന വരികളിലൂടെയാണ് ബൃന്ദ തിരിച്ചടിച്ചത്. കോൺഗ്രസ് ഉയർത്തുന്ന എൽഡിഎഫ്-ബിജെപി അന്തർധാര ആരോപണങ്ങൾ വെറും നുണപ്രചാരണമാണെന്ന് അവർ കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഗ്യാരണ്ടികൾ പൊള്ളയാണെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു. തെലങ്കാന ഉൾപ്പെടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയതായും അവർ ചൂണ്ടിക്കാട്ടി. കേരളത്തെ തങ്ങളുടെ എടിഎം ആക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അവർ പരിഹസിച്ചു.
Also Read:കണ്ണൂരിൽ ആവേശമായി രാഹുൽ ഗാന്ധി; യുഡിഎഫ് പ്രചാരണത്തിന് ആവേശകരമായ തുടക്കം
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പിരിവിനെക്കുറിച്ചും ബൃന്ദ ചോദ്യങ്ങൾ ഉന്നയിച്ചു. ദുരന്തബാധിതർക്ക് വീട് വെച്ചുനൽകാനായി പിരിച്ച പണത്തിന്റെ കണക്ക് എവിടെയെന്നും ആ പണം എവിടെയാണ് ചെലവാക്കിയതെന്നും വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാവണം. പരാജയഭീതി മൂലമാണ് കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
The post രാഹുൽ ഗാന്ധിക്കെതിരെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട് appeared first on Express Kerala.




