
പലസ്തീനിലെ ഗാസയ്ക്ക് സമാനമായ രീതിയിൽ തെക്കൻ ലെബനനിലും ‘ബഫർ സോൺ’ സൃഷ്ടിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം സൈന്യത്തിന് ഉത്തരവ് നൽകി. ലിതാനി നദി വരെയുള്ള മേഖലയുടെ പൂർണ്ണ നിയന്ത്രണം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇതോടെ അതിർത്തി ഗ്രാമങ്ങൾ ഇസ്രയേലിന്റെ നേരിട്ടുള്ള സൈനിക മേൽനോട്ടത്തിലാകും.
അതിർത്തിയിലെ സുരക്ഷാ ഭീഷണികൾ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ഇസ്രയേൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗാസയിലെ റഫ, ബെയ്ത് ഹനൂൻ മാതൃകയിൽ അതിർത്തിക്കടുത്തുള്ള വീടുകളും കെട്ടിടങ്ങളും തകർക്കാൻ തീരുമാനിച്ചു. ലിതാനി നദി വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ഹിസ്ബുള്ളയുടെ കരുത്തുറ്റ റദ്വാൻ സേനയെ തുരത്താനും അവരുടെ ആയുധശേഖരം നശിപ്പിക്കാനുമാണ് സൈനിക നീക്കം.
Also Read: വരുംദിവസങ്ങൾ നിർണായകം, ഇറാന് ഒന്നും ചെയ്യാനാകില്ല! താക്കീതുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി
പുതിയ ബഫർ സോൺ രൂപീകരണത്തിന്റെ ഭാഗമായി തെക്കൻ ലെബനനിൽ നിന്ന് ഇതിനോടകം ആറ് ലക്ഷത്തിലധികം പേർ കുടിയിറക്കപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനുമായി സമാധാന കരാറുകൾ ഉണ്ടായാൽ പോലും ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
മേഖലയിലെ മറ്റ് അതിർത്തികളിലും ഇസ്രയേൽ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗാസയിൽ ‘യെല്ലോ ലൈൻ’ എന്ന പേരിലുള്ള ബഫർ സോൺ എന്നും വെസ്റ്റ് ബാങ്കിൽ ‘സീം സോൺ’ എന്നും നിയന്ത്രിത മേഖലകൾ നിലവിലുണ്ട്.
സിറിയയിലെ ഗോലാൻ കുന്നുകളിൽ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലായിരുന്ന മേഖലയുടെ നിയന്ത്രണം അസദ് ഭരണകൂടത്തിന്റെ പതനത്തോടെ ഇസ്രയേൽ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്.
The post ലെബനനിൽ ഇസ്രയേലിന്റെ ‘മാസ്റ്റർ പ്ലാൻ’! വീടുകൾ തകർക്കും, ആറ് ലക്ഷം പേർ കുടിയിറക്കപ്പെട്ടതായി റിപ്പോർട്ട് appeared first on Express Kerala.




