പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യയില്‍ പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ദില്ലിയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഇന്ത്യൻ ഓയില്‍ കോർപറേഷൻ്റെ പ്രീമിയം പെട്രോളിൻ്റെയും പ്രീമിയം ഡീസലിൻ്റെയും വിലയാണ് വർധിപ്പിച്ചത്.
എക്സ്പി 100 പെട്രോളിൻ്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയാക്കി. ഡീസല്‍ എക്സ്ട്രാ ഗ്രീൻ വില 91.49 രൂപയില്‍ നിന്ന് 92.99 രൂപയാക്കി.
വിമാന ഇന്ധനത്തിന്റെ വിലയും കുത്തനെ ഉയർത്തി. കിലോലിറ്ററിന് 2.07 ലക്ഷം രൂപയായി വില ഉയർന്നു. രണ്ട് മടങ്ങോളമാണ് വർധനവ്. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധനത്തിൻ്റെ വില രണ്ട് ലക്ഷം കടക്കുന്നത്. 2022 ലെ 1.1 ലക്ഷമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തില്‍ വീണ്ടും തടസ്സമുണ്ടാകുമെന്ന ആശങ്ക വില കുത്തനെ ഉയരാൻ കാരണമായി
പ്രീമിയം ഇന്ധനങ്ങള്‍ക്ക് വില ഉയർന്നുവെങ്കിലും, സാധാരണ പെട്രോള്‍, ഡീസല്‍ വില മാറ്റിയിട്ടില്ല. എങ്കിലും വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയിലും മാറ്റമുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.




