
ആലപ്പുഴ: മാന്നാർ പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ലഹരിസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസറെ മർദിക്കുകയും പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്ത് എന്ന യുവാവാണ് പിടിയിലായത്.
ക്ഷേത്രത്തിലെ കെട്ടുകാഴ്ചകൾക്ക് ശേഷം സ്ഥലത്ത് തടിച്ചുകൂടിയ യുവാക്കളെ സംഘർഷാവസ്ഥ ഒഴിവാക്കാനായി പറഞ്ഞുവിടുന്നതിനിടെയാണ് അഭിജിത്തിന്റെ കൈവശം കഞ്ചാവ് പൊതി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇയാളെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതോടെ ഒപ്പമുണ്ടായിരുന്ന ലഹരിസംഘവും അവിടെയുണ്ടായിരുന്ന ചിലരും ചേർന്ന് പോലീസിനെ തടയുകയായിരുന്നു. അറസ്റ്റ് തടസ്സപ്പെടുത്തിയ സംഘം മാന്നാർ സ്റ്റേഷനിലെ സി.പി.ഒ വിനീത് പി.എമ്മിനെ കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി മർദിച്ചു. ഇതിനിടെ മാന്നാർ സ്റ്റേഷനിലെ സി.ആർ.വി വാഹനത്തിന്റെ സൈഡ് ബീഡിംഗ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം തകർത്തു. ആക്രമണത്തിൽ പരിക്കേറ്റ വിനീത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
The post മാന്നാറിൽ ഉത്സവപ്പറമ്പിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസുകാരന് മർദനം, ഒരാൾ പിടിയിൽ appeared first on Express Kerala.




