ചെറുകിട നിയമലംഘനങ്ങൾ ഇനി കുറ്റകൃത്യമല്ല! ‘ജൻവിശ്വാസ് ബിൽ’ പാസാക്കി ലോക്‌സഭ

ചെറുകിട നിയമലംഘനങ്ങൾ ഇനി കുറ്റകൃത്യമല്ല! ‘ജൻവിശ്വാസ് ബിൽ’ പാസാക്കി ലോക്‌സഭ

രാജ്യത്തെ ചെറുകിട നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും ശിക്ഷാ നടപടികൾ ലഘൂകരിക്കാനുമുള്ള ‘ജൻവിശ്വാസ് ഭേദഗതി ബിൽ’ ലോക്‌സഭ പാസാക്കി. 79 കേന്ദ്ര നിയമങ്ങളിലായി ആകെ 784 ഭേദഗതികളാണ് ബില്ലിലൂടെ കൊണ്ടുവരുന്നത്. ജനജീവിതം സുഗമമാക്കുന്നതിനും വ്യാപാര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി കാലഹരണപ്പെട്ടതും അനാവശ്യവുമായ വ്യവസ്ഥകൾ നീക്കം ചെയ്യുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. ആയിരത്തിലേറെ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാവിധികൾ ഏകീകരിക്കാനും ഇതിലൂടെ നിർദേശമുണ്ട്.

മോട്ടോർ വാഹന നിയമത്തിൽ മാത്രം 20 സുപ്രധാന ഭേദഗതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിനൊപ്പം അനാവശ്യമായ നിയമക്കുരുക്കുകളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ സഭയിൽ വ്യക്തമാക്കി.

അതേസമയം, പുതിയ ബില്ലിനെതിരെ ശക്തമായ വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ഭേദഗതികൾ അഴിമതിയെ പ്രോത്സാഹിപ്പിക്കുമെന്നും നിലവിലുള്ള നിയമസംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളുടെ നിയമലംഘനങ്ങളെ സാധാരണവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളിയാണ് സഭ ബിൽ പാസാക്കിയത്.

The post ചെറുകിട നിയമലംഘനങ്ങൾ ഇനി കുറ്റകൃത്യമല്ല! ‘ജൻവിശ്വാസ് ബിൽ’ പാസാക്കി ലോക്‌സഭ appeared first on Express Kerala.

Spread the love
Scroll to Top