
ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയ ഇരു ടീമുകളും ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം തേടിയാണ് ഇന്ന് മൈതാനത്തിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ കൊൽക്കത്ത മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടപ്പോൾ, ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടാണ് തോറ്റത്. ഇരു ടീമുകൾക്കും ശക്തമായ ബാറ്റിംഗ് നിരയുണ്ടെങ്കിലും ബൗളിംഗിലെ മൂർച്ചക്കുറവ് വലിയ തലവേദനയാകുന്നുണ്ട്. ആദ്യ മത്സരങ്ങളിൽ 200-ലധികം റൺസ് സ്കോർ ചെയ്തിട്ടും ബൗളർമാർക്ക് അത് പ്രതിരോധിക്കാൻ കഴിയാത്തതാണ് ഇരു ടീമുകളെയും വലയ്ക്കുന്നത്.
കൊൽക്കത്തയുടെ ബാറ്റിംഗ് നിരയിൽ അജിങ്ക്യ രഹാനെ, ടിം സെയ്ഫെർട്ട്, ഫിൻ അലൻ, റിങ്കു സിംഗ് എന്നിവർ മികച്ച ഫോമിലാണ്. എന്നാൽ സ്പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ നരൈനും പഴയ ഫോമിലേക്ക് മടങ്ങിയെത്തിയാൽ മാത്രമേ കൊൽക്കത്തയുടെ ബൗളിംഗ് സുരക്ഷിതമാകൂ. കൂടാതെ, ജോലിഭാരം കണക്കിലെടുത്ത് കാമറൂൺ ഗ്രീനിന്റെ പൗളിംഗിന് ക്രിക്കറ്റ് ഓസ്ട്രേലിയ നിയന്ത്രണം ഏർപ്പെടുത്തിയത് അവർക്ക് തിരിച്ചടിയാണ്.
മറുഭാഗത്ത് ഹൈദരാബാദ് നിരയിൽ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെന്റിച്ച് ക്ലാസൻ എന്നിവർ ഉൾപ്പെടുന്ന ബാറ്റിംഗ് നിര അതിശക്തമാണ്. പാറ്റ് കമ്മിൻസിന്റെ പരിക്ക് ഹൈദരാബാദിന്റെ ബൗളിംഗ് നിരയെ ദുർബലമാക്കുന്നു. ജയ്ദേവ് ഉനദ്കട്, ഹർഷൽ പട്ടേൽ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയ്ക്ക് കൊൽക്കത്തയുടെ ബാറ്റിംഗ് കരുത്തിനെ പിടിച്ചുകെട്ടാൻ കഴിയുമോ എന്നതാണ് ഇന്നത്തെ മത്സരത്തിലെ പ്രധാന ചോദ്യം.
The post ആദ്യ ജയം തേടി കൊൽക്കത്തയും ഹൈദരാബാദും; ഈഡൻ ഗാർഡൻസിൽ ഇന്ന് തീപാറും പോരാട്ടം! appeared first on Express Kerala.




