
മസ്കത്ത്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അശാന്തമായ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ താത്കാലികമായി റദ്ദാക്കി. വ്യോമപാതകൾ അടച്ചതും സുരക്ഷാ മുൻകരുതലുകളും പരിഗണിച്ചാണ് ഈ അടിയന്തര തീരുമാനമെന്ന് എയർലൈൻ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ രാജ്യങ്ങളിലേക്ക് വ്യത്യസ്ത കാലയളവിലേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 31 വരെ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇറാഖ്, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 30 വരെയാണ് നിർത്തിവെച്ചിരിക്കുന്നത്. കൂടാതെ, കുവൈത്ത്, ഖത്തറിലെ ദോഹ, യുഎഇയിലെ ഷാർജ എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾ മേയ് 30 വരെയും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് ഏപ്രിൽ 15-ഓടെ ഈ തീരുമാനങ്ങളിൽ മാറ്റം വന്നേക്കാമെന്നും സൂചനയുണ്ട്.
Also Read: ബഹ്റൈനിൽ നഴ്സറികളും കിന്റർഗാർഡനുകളും ഞായറാഴ്ച മുതൽ തുറക്കുന്നു
മേഖലയിലെ മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷ ഉറപ്പാക്കുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കുമെന്നും സലാം എയർ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ എയർലൈൻ നേരിട്ട് ബന്ധപ്പെട്ട് വരികയാണ്. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി യാത്രക്കാർക്ക് +968 2427 2222 എന്ന ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
The post മേഖലയിലെ സംഘർഷം; വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ച് സലാം എയർ appeared first on Express Kerala.




