
മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മകളെ ലൈംഗികാവശ്യത്തിനായി അയച്ചുതരണമെന്ന് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ അക്കോള ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാകേഷ് ജാദവിനെതിരെയാണ് (54) നടപടി സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.
80 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സ്ത്രീയെ ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ലോക്കപ്പിലായിരുന്ന സ്ത്രീയോട് “നിങ്ങൾ സുന്ദരിയാണ്, അതിനാൽ നിങ്ങളുടെ മകളും സുന്ദരിയായിരിക്കും” എന്ന് പറഞ്ഞ ജാദവ്, മകളെ തന്റെ അടുത്തേക്ക് അയക്കുകയാണെങ്കിൽ പതിനായിരം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് സ്ത്രീ ഉടൻ തന്നെ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എ.എസ്.ഐയെ സ്റ്റേഷനിൽ വെച്ച് പരസ്യമായി ശാസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് രാകേഷ് ജാദവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
The post ‘മകളും സുന്ദരിയായിരിക്കും, അവളെ അയക്കൂ’; കസ്റ്റഡിയിലുള്ള സ്ത്രീയോട് അശ്ലീല ചുവയോടെ സംസാരിച്ച എ.എസ്.ഐക്ക് സസ്‌പെൻഷൻ appeared first on Express Kerala.




