
പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാളെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് അവിടെ നടന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
മാൾഡയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ചവർ മൂന്ന് വനിതാ ജഡ്ജിമാർ അടക്കം ഏഴ് ജുഡീഷ്യൽ ഓഫീസർമാരെയാണ് ഒമ്പത് മണിക്കൂറോളം തടഞ്ഞുവെച്ചത്. ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. തുടർന്ന് ജുഡീഷ്യൽ ഓഫീസർമാർക്ക് സുരക്ഷ നൽകുന്നതിനായി ഉടൻ തന്നെ കേന്ദ്ര സായുധ സേനയെ വിന്യസിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. നിയമം കയ്യിലെടുക്കാനും ജുഡീഷ്യൽ ഓഫീസർമാരുടെ മേൽ സമ്മർദ്ദം ചെലുത്താനും ആരെയും അനുവദിക്കില്ലെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകി.
Also Read: മങ്ങുന്ന വിദേശ മോഹം; ഇന്ത്യൻ വിവാഹ വിപണിയിൽ എൻആർഐ വരന്മാരുടെ പ്രിയം കുറയുന്നത് എന്തുകൊണ്ട്?
സംഭവത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിട്ടും ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. “നിങ്ങളുടെ സംസ്ഥാനത്ത് എല്ലാവരും രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അക്രമികൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്ന് ചീഫ് ജസ്റ്റിസ് ബംഗാൾ അഡ്വക്കേറ്റ് ജനറലിനോട് നേരിട്ട് ചോദിച്ചു. പുലർച്ചെ രണ്ട് മണി വരെ താൻ വ്യക്തിപരമായി സാഹചര്യം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കാണ് വഴിമാറുന്നത്. വോട്ടർ പട്ടികയിൽ നിന്ന് 63 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തതിനെ തുടർന്നുള്ള കേസുകൾ പരിശോധിക്കാനെത്തിയ ജുഡീഷ്യൽ ഓഫീസർമാരെയാണ് ബുധനാഴ്ച വൈകുന്നേരം ജനക്കൂട്ടം തടഞ്ഞുവെച്ചത്. പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ നിർണ്ണായകമാകും.
The post രാഷ്ട്രീയ ചേരിതിരിവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം; ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി! appeared first on Express Kerala.




