
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരൻ. താൻ ബിജെപി പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ആരോപണം തള്ളിയ സുധാകരൻ, പിണറായി വിജയന്റെ അവസാന തിരഞ്ഞെടുപ്പാണിതെന്ന് പറഞ്ഞു.
“ഞാൻ ചെളിക്കുണ്ടിൽ ആഴ്ന്നുപോകുമെന്ന് മുഖ്യമന്ത്രി പറയുന്നു. കുട്ടനാട്ടിലെ ചെളിയിൽ പോലും ഞാൻ ആഴ്ന്നുപോയിട്ടില്ല. ബിജെപി എനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയാണ് പറയുന്നത്. ആലപ്പുഴ ഇരുതല മൂർച്ചയുള്ള ആയുധമാണെന്ന് ഓർക്കണം. എന്നെ വെല്ലുവിളിക്കാൻ വരരുത്,” സുധാകരൻ മുന്നറിയിപ്പ് നൽകി.
Also Read: പിഷാരടിയെ തടഞ്ഞത് ജനാധിപത്യവിരുദ്ധം, കോൺഗ്രസ് നിസ്സഹായർ; ബിജെപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
സിപിഐഎം ഇന്ന് തൊഴിലാളി വർഗ്ഗത്തിന്റേതല്ല, മറിച്ച് രാഷ്ട്രീയ ക്രിമിനലുകളുടെ പാർട്ടിയായി മാറിയെന്ന് സുധാകരൻ ആരോപിച്ചു. പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനകൾ സഹിച്ചും അച്ചടക്കം പാലിച്ചും ഒരു ബ്രാഞ്ച് കമ്മിറ്റിയിൽ ഒതുങ്ങിക്കൂടിയ തന്നെ വീണ്ടും വേട്ടയാടുകയാണ്. പാർട്ടി ഇപ്പോൾ സജി ചെറിയാന്റെ കസ്റ്റഡിയിലാണെന്നും ആലപ്പുഴയിലെ ക്രിമിനൽ രാഷ്ട്രീയത്തിന്റെ തലവൻ സജി ചെറിയാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി വോട്ടില്ലെങ്കിൽ സജി ചെറിയാൻ തോൽക്കുമെന്നും ആലപ്പുഴയുടെ രാഷ്ട്രീയ അസ്ഥിവാരം തോണ്ടിയ സജി ചെറിയാനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. എം.എ. ബേബിയെപ്പോലെയുള്ള പാവം നേതാക്കൾക്ക് പാർട്ടിയിൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
The post ഇത് പിണറായിയുടെ അവസാന കളി, എന്നെ വെല്ലുവിളിക്കാൻ വരരുത്: ജി. സുധാകരൻ appeared first on Express Kerala.




