എഫ്.സി.ആർ.എയിൽ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞു വീണു! കോൺഗ്രസിനും ബിജെപിക്കുമെതിരെ ജോൺ ബ്രിട്ടാസ്

എഫ്.സി.ആർ.എയിൽ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞു വീണു! കോൺഗ്രസിനും ബിജെപിക്കുമെതിരെ ജോൺ ബ്രിട്ടാസ്

എഫ്.സി.ആർ.എ ബില്ലിലൂടെ ബിജെപിയുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടുവെന്ന് ജോൺ ബ്രിട്ടാസ് എംപി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അവർ താൽക്കാലികമായി പിൻവാങ്ങിയതാണെന്നും ബിജെപിയും കോൺഗ്രസും മുൻപ് ഈ വിഷയത്തിൽ ഒത്തുകളിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ നിലപാട് മാറ്റുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ രേവന്ത് റെഡ്ഢി കറകളഞ്ഞ ആർഎസ്എസുകാരനാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ആർഎസ്എസ് പശ്ചാത്തലത്തിൽ അഭിമാനിക്കുന്ന രേവന്ത് റെഡ്ഢി, തെലങ്കാനയിലെ മുസ്ലിങ്ങൾക്കെതിരെ ബുൾഡോസർ രാഷ്ട്രീയം പയറ്റുന്നയാളാണ്. അങ്ങനെയുള്ള ഒരാൾ കേരളത്തിൽ വന്ന് പിണറായി വിജയനെ വിമർശിക്കുന്നത് ഉളുപ്പില്ലായ്മയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Also Read: നേമത്തിനായി ‘വികസന മാർഗ്ഗരേഖ’; ആറ്റുകാൽ ടൗൺഷിപ്പും ടൂറിസം പദ്ധതികളും പ്രധാന വാഗ്ദാനങ്ങൾ

ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ ശൈലിയെ ബ്രിട്ടാസ് ന്യായീകരിച്ചു. പിണറായി വിജയന്റെ പെരുമാറ്റം ആർജ്ജവമുള്ളതാണെന്നും അത് മലയാളിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വന്ദ്യവയോധികൻ ഗൗരവത്തോടെ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകും. ഇത്തരം കാര്യങ്ങൾ പറഞ്ഞ് തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നത് കോൺഗ്രസിന്റെ വെറും സ്വപ്നം മാത്രമാണെന്നും ഇത്തവണ പാലക്കാടൻ മണ്ണ് കൂടുതൽ ചുവക്കുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

The post എഫ്.സി.ആർ.എയിൽ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞു വീണു! കോൺഗ്രസിനും ബിജെപിക്കുമെതിരെ ജോൺ ബ്രിട്ടാസ് appeared first on Express Kerala.

Spread the love
Scroll to Top