
ഇറാന്റെ സൈനിക ശേഷി തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. അമേരിക്കയ്ക്ക് സ്ഥിരമായ അപമാനം നേരിടേണ്ടി വരുന്നത് വരെയും അവർ ഖേദം പ്രകടിപ്പിച്ച് കീഴടങ്ങുന്നത് വരെയും പോരാട്ടം തുടരുമെന്ന് ഇറാൻ സായുധ സേനയുടെ തന്ത്രപ്രധാന വിഭാഗമായ ഖതം അൽ-അൻബിയ ആസ്ഥാനം വ്യക്തമാക്കി. തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചുവെന്ന ട്രംപിന്റെ വാദങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ഇറാൻ പരിഹസിച്ചു.
ഇറാനെക്കുറിച്ചുള്ള അമേരിക്കൻ രഹസ്യാന്വേഷണ വിവരങ്ങൾ അപൂർണ്ണമാണെന്ന് സൈനിക വക്താവ് അവകാശപ്പെട്ടു. അമേരിക്കയ്ക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കാത്ത രഹസ്യ കേന്ദ്രങ്ങളിലാണ് ഇറാന്റെ അത്യാധുനിക ആയുധ നിർമ്മാണം നടക്കുന്നത്. തന്ത്രപരമായ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ, ഡ്രോണുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ സുരക്ഷിതമാണെന്നും അമേരിക്ക ആക്രമിച്ചതായി കരുതുന്ന ഇടങ്ങൾ നിസ്സാരമാണെന്നും ഇറാൻ വ്യക്തമാക്കി. “ഞങ്ങളുടെ മിസൈലുകളും ഡ്രോണുകളും എണ്ണാൻ ശ്രമിക്കേണ്ടതില്ല, അത് തെറ്റുകയേ ഉള്ളൂ” എന്നും വക്താവ് കൂട്ടിച്ചേർത്തു.
അമേരിക്കയ്ക്കും ഇസ്രയേലിനും നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ ആവർത്തിച്ചു. ഇതിനകം നൽകിയ പ്രഹരങ്ങളേക്കാൾ വലിയതും ഞെട്ടിപ്പിക്കുന്നതുമായ തിരിച്ചടികൾ അമേരിക്ക പ്രതീക്ഷിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങൾ ലക്ഷ്യപൂർത്തീകരണത്തിന് അടുത്താണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.
The post മിസൈലുകൾ എണ്ണാൻ നിൽക്കണ്ട, അത് തെറ്റും! അമേരിക്കയുടെ രഹസ്യാന്വേഷണത്തെ പരിഹസിച്ച് ഇറാൻ appeared first on Express Kerala.




