
കൂത്താട്ടുകുളം: കെഎസ്ആർടിസി ബസിനുള്ളിൽ ടിക്കറ്റ് തർക്കത്തെത്തുടർന്ന് യാത്രക്കാരനെ ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ക്രൂരമായി മർദിച്ചു. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെ രാവിലെ 11 മണിയോടെ കൂത്താട്ടുകുളത്താണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
മൂവാറ്റുപുഴയിൽ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ആൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. ടിക്കറ്റിനായി യാത്രക്കാരൻ നൽകിയ 100 രൂപ നോട്ട് കീറിയതാണെന്ന് പറഞ്ഞ് കണ്ടക്ടർ തർക്കം തുടങ്ങുകയായിരുന്നു. നോട്ട് മാറ്റാൻ യാത്രക്കാരൻ വിസമ്മതിച്ചതോടെ തർക്കം രൂക്ഷമാവുകയും ബസ് നിർത്തിയ ശേഷം ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഇയാളെ മർദിക്കുകയായിരുന്നു.
Also Read: സ്ത്രീയെ ശല്യം ചെയ്തതിന് യുവാക്കൾക്ക് നേരെ വെടിയുതിർത്തു; മുംബൈയിൽ ഒരാൾ കൊല്ലപ്പെട്ടു
ബസ് നിർത്തിയ ശേഷം ഡ്രൈവർ യാത്രക്കാരന്റെ മുഖത്ത് പലതവണ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. കണ്ടക്ടർക്ക് പുറമെ മറ്റ് ചില യാത്രക്കാരും മർദനത്തിൽ പങ്കുചേർന്നു. മൂവാറ്റുപുഴയിൽ നിന്ന് കയറുന്ന യാത്രക്കാരന് ആദ്യ സ്റ്റേജായ ആറൂർ ടോപ്പിന് മുൻപ് ടിക്കറ്റ് നൽകണമെന്നാണ് ചട്ടമെങ്കിലും, കൂത്താട്ടുകുളം എത്താറായപ്പോഴാണ് കണ്ടക്ടർ ടിക്കറ്റ് നൽകാൻ എത്തിയതെന്ന് ആക്ഷേപമുണ്ട്. ഇത്രയും വലിയ തർക്കം നടന്നിട്ടും യാത്രക്കാരൻ ടിക്കറ്റെടുത്തില്ലെന്ന പരാതിയോ മറ്റ് വിവരങ്ങളോ ജീവനക്കാർ കൂത്താട്ടുകുളം ഡിപ്പോയിൽ അറിയിച്ചിട്ടില്ല.
The post ടിക്കറ്റ് തർക്കം മർദനത്തിൽ കലാശിച്ചു; കെഎസ്ആർടിസി ബസിൽ യാത്രക്കാരന് ക്രൂരമർദനം appeared first on Express Kerala.




