
തുടർച്ചയായ രണ്ട് ടേമുകളിൽ അധികാരത്തിലിരിക്കുന്ന പിണറായി സർക്കാർ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് പൊതുവിദ്യാഭ്യാസ മേഖലയിലാണെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ കേരളത്തിലെ സ്കൂളുകൾ അടിമുടി മാറിയതായാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. ഓണപ്പരീക്ഷ കഴിഞ്ഞുമാത്രം പാഠപുസ്തകങ്ങൾ ലഭിച്ചിരുന്ന പഴയ രീതിക്ക് അന്ത്യം കുറിച്ച്, സ്കൂൾ തുറക്കും മുൻപേ കുട്ടികളുടെ കൈകളിൽ പുസ്തകങ്ങൾ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായത്. കിഫ്ബി പദ്ധതിയിലൂടെ 141 സ്കൂളുകൾക്ക് 5 കോടി രൂപ വീതവും നൂറുകണക്കിന് മറ്റ് സ്കൂളുകൾക്ക് 3 കോടി, 1 കോടി എന്നിങ്ങനെയും ഭരണാനുമതി നൽകി. ഇതിനകം 588 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി. സ്മാർട്ട് ക്ലാസ് റൂമുകൾക്ക് പുറമെ, 714 വൊക്കേഷണൽ ഹയർ സെക്കണ്ടറി ലാബുകൾ, 2000 ഹൈസ്കൂളുകളിലായി 7000 റോബോട്ടിക് ലാബുകൾ, സ്കൂൾ വെതർ സ്റ്റേഷനുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വിദ്യാകിരണം, ഹൈടെക് പദ്ധതികൾ വഴി 64,000-ത്തിലധികം ലാപ്‌ടോപ്പുകളും പ്രീ-പ്രൈമറി കുട്ടികൾക്കായി ടാബ്ലെറ്റുകളും ടെലിവിഷനുകളും വിതരണം ചെയ്തു.
Also Read: വ്യാജ ആധാർ കാർഡ് ആരോപണം; കെ സി വേണുഗോപാലിന് വക്കീൽ നോട്ടീസ്
ഭിന്നശേഷിക്കാരായ കുട്ടികൾക്കും അതിഥി തൊഴിലാളികളുടെ മക്കൾക്കുമായി പ്രത്യേക കരുതൽ നൽകുന്ന പദ്ധതികളും ശ്രദ്ധേയമാണ്. ഇലക്ട്രോണിക് വീൽചെയറുകളുടെ വിതരണം, കാഴ്ച-ശ്രവണ പരിമിതിയുള്ളവർക്കായി ബ്രെയ്‌ലി റൈറ്റർ, മുദ്രികാ പഠനം തുടങ്ങിയവ നടപ്പിലാക്കി. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ‘റോഷ്‌നി’ എന്ന പ്രത്യേക പഠന പദ്ധതിയും സർക്കാർ ആവിഷ്കരിച്ചു. 43 ലക്ഷം കുട്ടികൾക്ക് സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തിയതിനൊപ്പം, വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി നടത്തിയ തൊഴിൽ മേളകളിലൂടെ ആയിരക്കണക്കിന് പേർക്ക് ജോലി ഉറപ്പാക്കാനും സാധിച്ചു. കൂടാതെ, ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുകയും 42 സിംഗിൾ സെക്സ് സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റുകയും ചെയ്തതും വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.
The post ഭിന്നശേഷി സൗഹൃദമായ പഠനം, ഇൻഷുറൻസ് പരിരക്ഷ; വിദ്യാർത്ഥികൾക്ക് കരുതലായി സർക്കാർ appeared first on Express Kerala.




