ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായി എയർടെൽ! 65 കോടി വരിക്കാരുമായി ചരിത്രനേട്ടം

ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായി എയർടെൽ! 65 കോടി വരിക്കാരുമായി ചരിത്രനേട്ടം

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ സേവനദാതാക്കളായി ഭാരതി എയർടെൽ മാറി. ആഗോളതലത്തിൽ 65 കോടി വരിക്കാരെന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടതോടെയാണിത്. ഇന്ത്യയിലെയും ആഫ്രിക്കയിലെയും വിപണികളിൽ നേടിയ ശക്തമായ വളർച്ചയാണ് എയർടെല്ലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ജിഎസ്എംഎ ഇന്റലിജൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 100 കോടിയിലധികം വരിക്കാരുള്ള ചൈന മൊബൈലിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ എയർടെല്ലിന്റെ സ്ഥാനം.

ഇന്ത്യയിൽ മാത്രം 36.8 കോടിയിലധികം മൊബൈൽ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഇതിന് പുറമെ 1.3 കോടി ബ്രോഡ്‌ബാൻഡ് കണക്ഷനുകളും 1.5 കോടി ഡിജിറ്റൽ ടിവി ഉപയോക്താക്കളും എയർടെല്ലിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു. 14 ആഫ്രിക്കൻ രാജ്യങ്ങളിലായി പടർന്നുപന്തലിച്ചു കിടക്കുന്ന 17.9 കോടി വരിക്കാരാണ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്താൻ എയർടെല്ലിനെ സഹായിച്ചത്. ഇന്ത്യൻ വിപണിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിലയൻസ് ജിയോയ്ക്ക് 49-52 കോടി വരിക്കാരാണുള്ളത്.

Also Read: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക്! കർശന നടപടികളുമായി ഓസ്‌ട്രേലിയ

കോട്ടക് ഇക്വിറ്റീസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡേറ്റാ ഉപയോക്താക്കളുടെ എണ്ണത്തിൽ 9.7 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ മാത്രം 48.6 ലക്ഷം പുതിയ വരിക്കാരെ ചേർക്കാൻ എയർടെല്ലിന് സാധിച്ചു. ഇത് പ്രധാന എതിരാളിയായ ജിയോയേക്കാൾ (16.2 ലക്ഷം) വളരെ ഉയർന്ന നിരക്കാണ്. കൂടുതൽ വരുമാനം നൽകുന്ന ഹൈ-വാല്യൂ ഉപയോക്താക്കളെ ആകർഷിക്കുന്നതിൽ സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള കമ്പനി വിജയിച്ചു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഭാവിയിലേക്ക് നോക്കുമ്പോൾ, ഉപഗ്രഹാധിഷ്ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങളിലേക്കും കമ്പനി ചുവടുവെക്കുന്നുണ്ട്. ഇതിനായി വൺവെബ്, സ്‌പേസ് എക്‌സ് എന്നിവയുമായി കമ്പനി ധാരണയിലെത്തിക്കഴിഞ്ഞു. ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ വഴി ഗ്രാമപ്രദേശങ്ങളിലും യാത്രകളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. 65 കോടി ഉപഭോക്താക്കൾ എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിറ്റൽ പറഞ്ഞു. എയർടെല്ലിന്റെ ഡേറ്റാ സെന്റർ ബിസിനസ്സായ ‘നെക്‌സ്ട്രാ’യിലേക്ക് വലിയ തോതിൽ വിദേശ നിക്ഷേപങ്ങൾ എത്തുന്നതും കമ്പനിയുടെ മൂല്യം ഉയർത്തുന്നു.

The post ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായി എയർടെൽ! 65 കോടി വരിക്കാരുമായി ചരിത്രനേട്ടം appeared first on Express Kerala.

Spread the love
Scroll to Top