
ഇന്ത്യ – ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വീണ്ടും ഊഷ്മളമാക്കാനുള്ള സജീവ നീക്കവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) രംഗത്ത്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് ബംഗ്ലാ ബൗളർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനെത്തുടർന്ന് വഷളായ ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിബി ബിസിസിഐക്ക് കത്തയച്ചു. അയൽരാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല സൗഹൃദം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും കായികരംഗത്തെ തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ബംഗ്ലാദേശ് കായിക മന്ത്രി അമിനുൾ ഹഖ് വ്യക്തമാക്കി.
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ക്രിക്കറ്റ് ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള ഈ നിർണ്ണായക നീക്കം. മുൻപ് മുസ്തഫിസുറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് തങ്ങളുടെ ടീമിനെ ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് അയച്ചിരുന്നില്ല. ഇതേത്തുടർന്ന് ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനാണ് ഐസിസി ടിക്കറ്റ് നൽകിയത്. ഈ സംഭവവികാസങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയത്.
Also Read: വിമർശകർക്ക് അസൂയയാണ്, അവർക്ക് അജണ്ടയുണ്ട്; പൊട്ടിത്തെറിച്ച് കെകെആർ നായകൻ രഹാനെ!
റദ്ദാക്കപ്പെട്ട ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനം വീണ്ടും യാഥാർത്ഥ്യമാക്കണമെന്ന അഭ്യർത്ഥനയും കത്തിലുണ്ട്. കഴിഞ്ഞ വർഷം നിശ്ചയിച്ചിരുന്ന പരമ്പര ബിസിസിഐ ആദ്യം സെപ്റ്റംബറിലേക്ക് മാറ്റുകയും പിന്നീട് ലോകകപ്പ് വിവാദങ്ങളെത്തുടർന്ന് പൂർണ്ണമായി റദ്ദാക്കുകയുമായിരുന്നു. അടുത്ത വർഷം ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ബിസിബിയുടെ ഈ പുതിയ നീക്കത്തിന് പിന്നിലുണ്ട്.
The post വിവാദങ്ങൾ മറന്ന് വീണ്ടും കൈകോർക്കാൻ ബംഗ്ലാദേശ്; ബിസിസിഐക്ക് നിർണ്ണായക കത്ത് appeared first on Express Kerala.




