പ്രവാസികൾക്ക് ആശ്വാസം! കുവൈത്ത് എയർവേസ് ഇന്ത്യയിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം! കുവൈത്ത് എയർവേസ് ഇന്ത്യയിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു

കുവൈത്ത്: ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. സൗദി അറേബ്യയിലെ ദമ്മാം വഴിയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി, മുംബൈ, ‍ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇതിൽ കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടാകും. അഹമ്മദാബാദിലേക്ക് ഞായറാഴ്ചയും, ദില്ലിയിലേക്ക് ചൊവ്വാഴ്ചയും, മുംബൈയിലേക്ക് വെള്ളിയാഴ്ചയുമാണ് വിമാനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ ലണ്ടൻ, കൈറോ ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലേക്കും ദമ്മാം വഴി പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് ആശ്വാസകരമായ ഈ വാർത്തയ്‌ക്കൊപ്പം തന്നെ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. വിമാന ഇന്ധന വിലയിലുണ്ടായ അമിതമായ വർദ്ധനവാണ് ഇതിന് പ്രധാന കാരണം. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ, ഇന്ത്യയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തി. ദില്ലിയിൽ കിലോലിറ്ററിന് ഒരു ലക്ഷം രൂപയിൽ താഴെയായിരുന്ന വില രണ്ട് ലക്ഷം രൂപ കടന്നത് വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.

Also Read: അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ തീപിടുത്തം

ആഭ്യന്തര സർവീസുകൾക്ക് ഏകദേശം 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്ക് 107 ശതമാനവുമാണ് ഇന്ധന വില വർദ്ധിച്ചത്. വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിൽ കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ, ഇന്ധന വിലയിലെ ഈ കുതിച്ചുചാട്ടം യാത്രക്കാരുടെ ടിക്കറ്റ് നിരക്കിനെ നേരിട്ട് ബാധിക്കും. പുതിയ സർവീസുകൾ തുടങ്ങുന്നത് പ്രവാസികൾക്ക് സൗകര്യപ്രദമാകുമെങ്കിലും, വർദ്ധിച്ചുവരുന്ന യാത്രാച്ചെലവ് വലിയൊരു ആശങ്കയായി തുടരുകയാണ്.

The post പ്രവാസികൾക്ക് ആശ്വാസം! കുവൈത്ത് എയർവേസ് ഇന്ത്യയിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു appeared first on Express Kerala.

Spread the love
Scroll to Top