
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും പ്രമാണിച്ചാണ് നടപടി. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണം. വിമാനത്താവളം മുതൽ ശംഖുമുഖം, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി വഴി തമ്പാനൂർ, കരമന, പാപ്പനംകോട് വരെയുള്ള പ്രധാന റോഡുകളിലും പൂജപ്പുര, ജഗതി ഭാഗങ്ങളിലും ഗതാഗതം പരിമിതപ്പെടുത്തും.
ഗതാഗത നിയന്ത്രണമുള്ള റോഡുകളിലോ അവയിലേക്കുള്ള ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശംഖുമുഖം, അനന്തപുരി ഹോസ്പിറ്റൽ, ഈഞ്ചയ്ക്കൽ, തമ്പാനൂർ ഫ്ലൈ ഓവർ തുടങ്ങിയ ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Also Read: രാഹുലിന് രാഷ്ട്രീയം പറയാം, അതിൽ ആർക്കാണ് ഇത്ര കുഴപ്പം? പിന്തുണയുമായി കെ സി വേണുഗോപാൽ
യാത്രക്കാരുടെ സൗകര്യാർത്ഥം നഗരത്തിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകൾ നടക്കുന്ന കൈമനം, പൂജപ്പുര, തമ്പാനൂർ ഭാഗങ്ങളിൽ നിന്ന് കിള്ളിപ്പാലം, കരമന ഭാഗങ്ങളിലേക്ക് ഗതാഗതം അനുവദിക്കില്ല. വെള്ളയമ്പലം ഭാഗത്തുനിന്ന് വഴുതക്കാട് വഴി പോകേണ്ടവർ മ്യൂസിയം-പാളയം-സ്റ്റാച്യൂ പാത ഉപയോഗിക്കണം. പാപ്പനംകോട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കൈമനം-മരുതൂർകടവ് വഴി തിരുവല്ലം ഭാഗത്തേക്ക് തിരിച്ചുവിടും. യാത്രക്കാർ ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് സിറ്റി പോലീസ് അറിയിച്ചു.
The post പ്രധാനമന്ത്രിയുടെ സന്ദർശനം! തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം appeared first on Express Kerala.




