അതിദാരിദ്ര്യം ഇല്ലാതാക്കി, തൊഴിലില്ലായ്മ കുറച്ചു; എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച് തോമസ് ഐസക്

അതിദാരിദ്ര്യം ഇല്ലാതാക്കി, തൊഴിലില്ലായ്മ കുറച്ചു; എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച് തോമസ് ഐസക്

കേരളത്തിലെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തത് എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കിൽ ഉണ്ടായ വൻ കുറവ് സുപ്രധാനമായ മറ്റൊരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, 11.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025-26 ലെ സർവേ റിപ്പോർട്ട് പ്രകാരം 4.3 ശതമാനമായി കുറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പ്രകടന പത്രികയിൽ തൊഴിലില്ലായ്മ പരിഹരിക്കാൻ 72 നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഐസക് കൂട്ടിച്ചേർത്തു.

യുഡിഎഫിന്റെ പ്രകടന പത്രികയെ രൂക്ഷമായി വിമർശിച്ച തോമസ് ഐസക്, കിഫ്ബിയെക്കുറിച്ച് അതിൽ പരാമർശമേയില്ലെന്ന് പരിഹസിച്ചു. വിഭവസമാഹരണത്തെക്കുറിച്ചോ ജിഎസ്ടിയെക്കുറിച്ചോ യുഡിഎഫിനും എൻഡിഎയ്ക്കും വ്യക്തമായ കാഴ്ചപ്പാടില്ല. കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്ന യുഡിഎഫ്, തങ്ങളുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ എങ്ങനെ പണം കണ്ടെത്തുമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Also Read:‘ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല’! കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ എം.കെ. സ്റ്റാലിൻ

ജി. സുധാകരന്റെ ‘നരക കേരളം’ പരാമർശത്തിനെതിരെയും തോമസ് ഐസക് ശക്തമായി പ്രതികരിച്ചു. സുധാകരന്റേത് അധികാരമോഹം മൂത്ത വെറും പ്രഹസനമാണെന്നും രാഷ്ട്രീയ നിലപാട് സാധൂകരിക്കാൻ അദ്ദേഹം എന്തും വിളിച്ചുപറയുകയാണെന്നും ഐസക് കുറ്റപ്പെടുത്തി. പാർട്ടി വിട്ടിട്ട് കുറഞ്ഞ കാലം മാത്രമായ സുധാകരൻ, പാർട്ടിയും സർക്കാരും മാറിയെന്ന് പറയുന്നത് വിരോധാഭാസമാണെന്നും അദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയുമായി രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്നും എന്നാൽ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

The post അതിദാരിദ്ര്യം ഇല്ലാതാക്കി, തൊഴിലില്ലായ്മ കുറച്ചു; എൽഡിഎഫ് സർക്കാരിനെ പ്രശംസിച്ച് തോമസ് ഐസക് appeared first on Express Kerala.

Spread the love
Scroll to Top