“യുഡിഎഫ് പറഞ്ഞാൽ എവിടെയും മത്സരിക്കും”: നിലപാട് വ്യക്തമാക്കി പി.വി. അൻവർ

“യുഡിഎഫ് പറഞ്ഞാൽ എവിടെയും മത്സരിക്കും”: നിലപാട് വ്യക്തമാക്കി പി.വി. അൻവർ

യുഡിഎഫിന്റെ അസോസിയേറ്റ് അംഗമായി തൃണമൂൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സംസ്ഥാന കൺവീനർ പി.വി. അൻവർ രംഗത്തെത്തി. താൻ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും, ഏത് മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാലും അത് അനുസരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. താൻ വ്യക്തിപരമായി വിജയിക്കുന്നതിനേക്കാൾ ഉപരിയായി കേരളത്തിലെ ‘പിണറായിസത്തെയും മരുമോനിസത്തെയും’ രാഷ്ട്രീയമായി പരാജയപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും, ഒതായിയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അൻവർ വ്യക്തമാക്കി.

അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് പി.വി. അൻവർ പ്രവചിച്ചു. പിണറായി സർക്കാരിന്റെ നയങ്ങളെയും ബിജെപിയുമായുള്ള ബന്ധത്തെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, ‘പിണറായിസവും മരുമോനിസവും’ അവസാനിപ്പിക്കാൻ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളി സമരങ്ങളോട് മുഖംതിരിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും, ശബരിമലയിലെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം വിശ്വാസികളല്ലാത്തവർക്ക് ആരാധനാലയങ്ങളുടെ ചുമതല നൽകിയതാണെന്നും അദ്ദേഹം ആരോപിച്ചു. വെള്ളാപ്പള്ളി നടേശനുമായുള്ള മുഖ്യമന്ത്രിയുടെ സൗഹൃദം ബിഡിജെഎസിനെ എൽഡിഎഫിൽ എത്തിക്കാനുള്ള നീക്കമാണെന്നും, പിഎംശ്രീ പദ്ധതിയിലൂടെ ബിജെപിയുമായുള്ള അന്തർധാര വ്യക്തമായതായും അൻവർ കൂട്ടിച്ചേർത്തു. ആര്യാടൻ ഷൗക്കത്ത് അടക്കമുള്ളവരുമായുള്ള പഴയ തർക്കങ്ങൾ അവസാനിച്ചെന്നും, ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവർ പോലും തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വോട്ട് ചെയ്തതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
The post “യുഡിഎഫ് പറഞ്ഞാൽ എവിടെയും മത്സരിക്കും”: നിലപാട് വ്യക്തമാക്കി പി.വി. അൻവർ appeared first on Express Kerala.

Spread the love
See also  600 കിലോയുടെ നാസ ഉപഗ്രഹം!

New Report

Close