വിവാദങ്ങളിൽ തളയ്ക്കാനാവില്ല; ബിജെപിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രമേഷ് പിഷാരടി

വിവാദങ്ങളിൽ തളയ്ക്കാനാവില്ല; ബിജെപിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രമേഷ് പിഷാരടി

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ തനിക്കെതിരെ ഉയർന്ന സ്ത്രീവിരുദ്ധ പരാമർശ ആരോപണങ്ങളിൽ ശക്തമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി രംഗത്തെത്തി. തോൽവി ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി നടത്തുന്ന രാഷ്ട്രീയ ഗിമ്മിക്കുകളാണ് ഇത്തരം പരാതികളെന്ന് പിഷാരടി പരിഹസിച്ചു. വിവാദ രാഷ്ട്രീയം മടുത്തു എന്ന് ബോർഡ് വെച്ചിട്ട് എൻഡിഎ വിവാദങ്ങൾ മാത്രം സൃഷ്ടിക്കുകയാണെന്നും, താൻ എന്ത് സ്ത്രീവിരുദ്ധ പരാമർശമാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംവിധായകൻ രഞ്ജിത്തുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, അത് വ്യക്തിപരമായ കാര്യങ്ങളല്ലേ എന്ന് പിഷാരടി പ്രതികരിച്ചതാണ് വിവാദത്തിന് ആധാരം. ഈ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പീഡനാരോപണങ്ങളെ നിസ്സാരവൽക്കരിക്കുന്ന ഇത്തരം വ്യക്തികൾ പൊതുരംഗത്ത് തുടരുന്നത് ശരിയല്ലെന്നും ഇയാൾക്കെതിരെ കർശന നടപടി വേണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

Also Read: “ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം പോലും സുരക്ഷിതനല്ല”; കേരളത്തിനെതിരെ മലയാളത്തിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ

നേരത്തെ വടക്കന്തറയിൽ വെച്ച് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപി വനിതാ കൗൺസിലർ ഉൾപ്പെടെ മൂന്ന് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മഹിളാ മോർച്ച പിഷാരടിക്കെതിരെ പ്രത്യാക്രമണവുമായി പരാതി നൽകിയിരിക്കുന്നത്. ബിജെപി മനഃപൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, സ്ത്രീ വിരുദ്ധത വെച്ചുപൊറുപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപിയും മഹിളാ മോർച്ചയും.

The post വിവാദങ്ങളിൽ തളയ്ക്കാനാവില്ല; ബിജെപിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രമേഷ് പിഷാരടി appeared first on Express Kerala.

Spread the love
Scroll to Top