
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്ത് മുംബൈ ഭേദപ്പെട്ട സ്കോർ ഉയർത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ 18 റൺസ് എത്തുന്നതിനിടെ ഓപ്പണർ റയാൻ റിക്കെൽട്ടണെയും (9), തിലക് വർമയെയും (0) നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമയും (35) ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. പത്താം ഓവറിൽ രോഹിത്തിനെ പുറത്താക്കി അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
മധ്യനിരയിൽ ഷെർഫെയ്ൻ റൂഥർഫോർഡ് (5) നിരാശപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റിൽ നമാൻ ധിറിനെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് മുംബൈ സ്കോർ 100 കടത്തി. 36 പന്തിൽ നിന്ന് 51 റൺസെടുത്ത സൂര്യകുമാർ പുറത്തായതോടെ മുംബൈ വീണ്ടും സമ്മർദ്ദത്തിലായെങ്കിലും, അവസാന ഓവറുകളിൽ നമാൻ ധിർ (28), മിച്ചൽ സാന്റ്‌നർ (18), കോർബിൻ ബോഷ് (11) എന്നിവർ നടത്തിയ പോരാട്ടമാണ് സ്കോർ 162-ൽ എത്തിച്ചത്. ടൂർണമെന്റിലെ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈക്കായി നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ.
The post സൂര്യയുടെ ക്യാപ്റ്റൻ ഇന്നിങ്‌സ്; ഡൽഹിക്ക് മുന്നിൽ 163 റൺസ് വിജയലക്ഷ്യം വെച്ച് മുംബൈ! appeared first on Express Kerala.




