
തൃശൂർ വാടാനപ്പള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം നടത്തിയെന്ന കോൺഗ്രസ് ആരോപണത്തെ തള്ളി നടനും ബിജെപി നേതാവുമായ ദേവൻ രംഗത്തെത്തി. നേരത്തെ നിശ്ചയിച്ച കുടുംബയോഗങ്ങളിൽ പങ്കെടുക്കാനാണ് താൻ എത്തിയതെന്നും, യോഗം തുടങ്ങാൻ വൈകിയതിനാൽ വിശ്രമിക്കാനാണ് ബിജെപി പ്രവർത്തകന്റെ സുഹൃത്തിന്റെ വീട്ടിൽ കയറിയതെന്നും അദ്ദേഹം വിശദീകരിച്ചു. മണലൂർ മണ്ഡലത്തിൽ ബിജെപി നടത്തുന്ന വലിയ മുന്നേറ്റത്തിൽ ഭയന്ന കോൺഗ്രസ് നടത്തുന്ന നാടകമാണിതെന്നും ദേവൻ ആരോപിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് താൻ വിശ്രമിച്ച വീട് വളഞ്ഞ് പ്രതിഷേധിച്ചത്. കിറ്റ് വിതരണത്തിനായി എത്തിയതാണെന്ന് ആരോപിച്ചായിരുന്നു ബഹളം. താൻ ചായ കുടിച്ചിരിക്കുമ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയതെന്നും പിന്നാലെ സിപിഎം പ്രവർത്തകരും ചേർന്നതോടെ പ്രകടനം സംഘർഷഭരിതമായെന്നും ദേവൻ പറഞ്ഞു. ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ മുൻകൂട്ടി അറിയിച്ച പരിപാടിക്കാണ് താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: നാല് ദിവസത്തെ ആശങ്കയ്ക്ക് അന്ത്യം; കുടകിലെ കാട്ടിൽ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്തി
അതേസമയം, ബിജെപിക്കെതിരായ ആരോപണത്തിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. പ്രദേശത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും കിറ്റുകൾ പാക്ക് ചെയ്ത് കടത്താൻ ശ്രമിച്ചതായും കിറ്റിന്റെ പണം നൽകാനാണ് ദേവൻ എത്തിയതെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് സൂപ്പർ മാർക്കറ്റ് ഉടമയെയും ബിജെപി പ്രവർത്തകനായ സതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോഡൗണിൽ നിന്ന് കിറ്റുകൾ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
ദേവനെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ ഏറെനേരം പ്രതിഷേധിച്ചു. എന്നാൽ ദേവൻ ഗോഡൗണിൽ കയറിയതിന് സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് പൊലീസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപിച്ച് പ്രതിഷേധിച്ച ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ള യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സൂപ്പർ മാർക്കറ്റ് ഉടമയെ ചോദ്യം ചെയ്ത ശേഷം തെളിവുണ്ടെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
The post കിറ്റ് വിവാദം! ആരോപണം നിഷേധിച്ച് നടൻ ദേവൻ appeared first on Express Kerala.




