
ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മൊജ്തബ ഖമേനി ഭരണനിർവ്വഹണം നടത്താൻ കഴിയാത്ത വിധം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ നിന്നും 140 കിലോമീറ്റർ അകലെയുള്ള ഖോം നഗരത്തിലെ ആശുപത്രിയിൽ അതീവ രഹസ്യമായാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം ബോധരഹിതനാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
അമേരിക്കൻ, ഇസ്രയേലി ഇന്റലിജൻസ് വൃത്തങ്ങൾ ഗൾഫ് സഖ്യകക്ഷികൾക്ക് നൽകിയ നയതന്ത്ര സന്ദേശങ്ങളിലും മൊജ്തബ ഖമേനിക്ക് ഭരണപരമായ തീരുമാനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. വ്യോമാക്രമണത്തിൽ തന്റെ പിതാവിനെ കൂടാതെ മാതാവിനെയും ഭാര്യയെയും മകനെയും മൊജ്തബയ്ക്ക് നഷ്ടമായിരുന്നു. ഈ ദുരന്തത്തിന് പിന്നാലെ മാർച്ച് ആദ്യവാരമാണ് അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഔദ്യോഗികമായി ചുമതലയേറ്റെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് ഭരണചക്രമേറ്റെടുക്കാൻ സാധിച്ചിട്ടില്ല എന്നാണ് സൂചന.
ഇതോടെ ഇറാന്റെ യഥാർത്ഥ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പൂർണ്ണമായും ഏറ്റെടുത്തതായാണ് ഇന്റലിജൻസ് വിലയിരുത്തൽ. പരമോന്നത നേതാവായി ചുമതലയേറ്റതിന് ശേഷം മൊജ്തബ പുറപ്പെടുവിച്ചു എന്ന് അവകാശപ്പെടുന്ന നിരവധി പ്രസ്താവനകൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്തിട്ടുണ്ടെങ്കിലും, ഒരിടത്തും അദ്ദേഹത്തിന്റെ ശബ്ദമോ ദൃശ്യങ്ങളോ പുറത്തുവിട്ടിട്ടില്ല. യുദ്ധം ആരംഭിച്ചതിന് ശേഷം മൊജ്തബയെ പൊതുമധ്യത്തിൽ കാണാത്തത് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന വാദത്തിന് കൂടുതൽ കരുത്ത് പകരുന്നു.
ഇറാൻ-ഇസ്രയേൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അമരക്കാരനെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഈ ഗൗരവകരമായ റിപ്പോർട്ടുകളോട് ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
The post മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിൽ? ഇറാന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റിപ്പോർട്ട് appeared first on Express Kerala.




