
മലയാള സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് ‘വാഴ 2’ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചു. നവാഗതരായ ഹാഷിറും സംഘവും തകർത്താടിയ ചിത്രം റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളിലാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി കടക്കുന്ന നാലാമത്തെ ചിത്രമെന്ന റെക്കോർഡും ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ സ്വന്തമാക്കി.
തിരക്കഥാകൃത്ത് വിപിൻ ദാസും അണിയറ പ്രവർത്തകരും ഒഫീഷ്യൽ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവിട്ടു. സൂപ്പർതാര പദവികളില്ലാതെ, സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം യുവാക്കൾക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണ്. നവാഗതനായ സവിൻ എസ്.എ ആണ് ചിത്രം സംവിധാനം ചെയ്തത്.
Also Read: ‘ഫ്രണ്ട്‌സ്’ താരം മാത്യു പെറിയുടെ മരണം; ‘കെറ്റാമൈൻ ക്വീൻ’ ജസ്‌വീൻ സംഘയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും
മലയാള സിനിമയിൽ നൂറ് കോടി തികയ്ക്കുന്ന പതിനാലാമത്തെ സിനിമയാണിത്. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് തുടങ്ങിയ വൻതാരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഈ കുട്ടിപ്പടയും സ്ഥാനം പിടിച്ചത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ വർഷം (2026) നൂറ് കോടി നേടുന്ന രണ്ടാമത്തെ ചിത്രമാണ് ‘വാഴ 2’. ജയസൂര്യ നായകനായ ‘ആട് 3’ ആയിരുന്നു ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്.
ഏറ്റവും വേഗത്തിൽ നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാലിന്റെ ‘എമ്പുരാൻ’ (2 ദിവസം), ‘തുടരും’ (6 ദിവസം) എന്നിവയ്ക്ക് പിന്നാലെ കല്യാണി പ്രിയദർശൻ ചിത്രം ‘ലോക’യ്ക്കൊപ്പമാണ് (7 ദിവസം) വാഴയുടെ സ്ഥാനം. റിലീസ് ചെയ്ത ആദ്യ തിങ്കളാഴ്ച തന്നെ റെക്കോർഡ് കളക്ഷൻ നേടിയ ചിത്രം വിദേശ വിപണിയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വരും ദിവസങ്ങളിലും കളക്ഷനിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
The post ബോക്സ് ഓഫീസിൽ ‘വാഴ’പ്പടയോട്ടം; ഏഴ് ദിനം, 100 കോടി! appeared first on Express Kerala.




