ദുബായിലെ മസ്ജിദുകളിലും പൊതുവിടങ്ങളിലും ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു

ദുബായിലെ മസ്ജിദുകളിലും പൊതുവിടങ്ങളിലും ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു

ദുബായ്: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ മസ്ജിദുകൾക്കും പൊതു പാർക്കിങ് കേന്ദ്രങ്ങൾക്കും സമീപം വ്യാപകമായി വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പും യു.എ.ഇ.വി. ചാർജിങ് സ്റ്റേഷൻസ് കമ്പനിയും ഇതുസംബന്ധിച്ച എട്ടു വർഷത്തെ കരാറിൽ ഒപ്പിട്ടു. തിരഞ്ഞെടുത്ത മസ്ജിദുകളിലെ പാർക്കിങ് ഇടങ്ങളിൽ ഇ.വി. ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുന്നതിന്റെ പൂർണ്ണ ചുമതല യു.എ.ഇ.വി.ക്കായിരിക്കും. ഇതിനു പുറമെ, വിവിധയിടങ്ങളിലെ ചാർജിങ് പോയിന്റുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഉപയോക്താക്കൾക്കായി സജ്ജമാക്കും. എമിറേറ്റിന്റെ സ്മാർട്ട് സിറ്റി ലക്ഷ്യങ്ങൾക്കും സുസ്ഥിര വികസന പദ്ധതികൾക്കും കരുത്തുപകരുന്നതാണ് ഈ പുതിയ നീക്കം.

Also Read: ഓഹരി ഉടമകൾക്ക് സന്തോഷവാർത്ത; 244 മില്യൺ ദിർഹം ഡിവിഡൻഡ് നൽകാൻ യൂണിയൻ കോപ് തീരുമാനം

മസ്ജിദുകൾക്ക് പുറമെ നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും പാർക്കുകളിലുമായി 600 പുതിയ സൂപ്പർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. 15 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ രണ്ടു വർഷത്തിനുള്ളിൽ 75 സ്റ്റേഷനുകളാണ് പ്രവർത്തനസജ്ജമാകുക. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2050-ഓടെ രാജ്യത്തെ ആകെ വാഹനങ്ങളുടെ പകുതിയും വൈദ്യുത വാഹനങ്ങളാക്കി മാറ്റുക എന്ന യു.എ.ഇ.യുടെ ദേശീയ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായി ഈ പദ്ധതികൾ വിലയിരുത്തപ്പെടുന്നു. ഇതിലൂടെ വൈദ്യുത വാഹനങ്ങൾക്കായുള്ള ആഗോള വിപണിയായി യു.എ.ഇ.യെ മാറ്റിയെടുക്കാനും ശുദ്ധോർജ്ജ പരിവർത്തനം വേഗത്തിലാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

The post ദുബായിലെ മസ്ജിദുകളിലും പൊതുവിടങ്ങളിലും ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു appeared first on Express Kerala.

Spread the love
Scroll to Top