കണ്ടശാംകടവ് : പോളിംഗ് ബൂത്ത് സന്ദർശിക്കാനെത്തിയ യു ഡി എഫ് സ്ഥാനാർത്ഥി ടി . എൻ. പ്രതാപന് നേരെ ബിജെപി ബൂത്ത് ഏജൻ്റിൻ്റെ കയ്യേറ്റ ശ്രമം. രാവിലെ 10.30 യോടെ കണ്ടശാംകടവ് എസ് എച്ച് ഓഫ് മേരീസ് കോൺവെൻ്റിലെ 205ാം നമ്പർ ബൂത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവം. കയ്യേറ്റ ശ്രമത്തിനിടയിൽ പ്രതാപൻ്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.
സംഭവമറിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ ഇയാളെ ബൂത്തിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനത്തിൽ കയറ്റിയതോടെ ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് വഴിവെച്ചു.
പ്രവർത്തകനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാതെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. പ്രവർത്തകനെ വാഹനത്തിൽ നിന്നും മോചിപ്പിക്കാനും ശ്രമം ഉണ്ടായി.


