ജീവൻ വെടിയാൻ തുനിഞ്ഞ യുവതിക്ക് തുണയായി തൃശൂർ വനിതാ പോലീസിന്റെയും വിയ്യൂർ പോലീസിന്റെയും മിന്നൽ വേഗത്തിലുള്ള ഇടപെടൽ. വനിതാ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അപർണ്ണയുടെ ജാഗ്രതയാണ് ഒരു ജീവൻ മരണമുഖത്തുനിന്ന് തിരിച്ചുകൊണ്ടുവന്നത്.
തന്റെ മാനസിക പ്രയാസങ്ങൾ സംസാരിക്കാൻ മുൻപും എഎസ്ഐ അപർണ്ണയെ യുവതി സമീപിച്ചിരുന്നു. എന്നാൽ ഇന്ന് ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി വന്ന വീഡിയോ കോളിൽ യുവതി ജീവനൊടുക്കാൻ ശ്രമിക്കുന്നത് കണ്ട അപർണ്ണ നിമിഷനേരം കൊണ്ട് വിയ്യൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ വിയ്യൂർ എസ്എച്ച്ഒ നിമിഷ് ത്രിപാഠി ഐപിഎസ്, ഇൻസ്പെക്ടർ മഹേഷ്കുമാർ എന്നിവരുടെ നിർദ്ദേശത്തിൽ എഎസ്ഐ സജീവും സിപിഒ മനോജും വെറും ‘ഒരു മിനിറ്റിനുള്ളിൽ’ യുവതിയുടെ ക്വാർട്ടേഴ്സിലെത്തി.ഈ സമയം യുവതിയെ സാരി മുറിച്ച് നിലത്ത് കിടത്തിയ ഭർത്താവിനെയും നിലത്ത് വീണു പിടയുകയായിരുന്ന യുവതിയെയും കൂട്ടി ഉടൻതന്നെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.
കൃത്യസമയത്ത് ചികിത്സ നൽകാനായതിനാൽ യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് എഎസ്ഐ അപർണ്ണ ആശുപത്രിയിലെത്തി യുവതിക്ക് വേണ്ട കൗൺസിലിംഗും പിന്തുണയും നൽകി.



