തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താൻ നീക്കവുമായി കോൺഗ്രസ്. എസ്ഐആർ (SIR) കരട് പട്ടികയിലെ അപാകതകൾ പരിഹരിക്കാൻ ഇന്ന് വൈകുന്നേരം 5 മണി മുതൽ മണ്ഡലം അടിസ്ഥാനത്തിൽ വിപുലമായ ‘നിശാ ക്യാമ്പുകൾ’ സംഘടിപ്പിക്കുകയാണ് പാർട്ടി. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്നും ബൂത്ത് വിഭജനത്തിൽ അട്ടിമറി നടന്നുവെന്നുമുള്ള ഗുരുതര പരാതികൾക്കിടയിലാണ് രാത്രി വൈകിയും നീളുന്ന ഈ പരിശോധന.
മണ്ഡലം തലത്തിൽ വോട്ടർ പട്ടിക ഓരോന്നായി പരിശോധിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് അനധികൃതമായി വോട്ട് ചേർത്തെന്ന പരാതി കോൺഗ്രസ് നേരത്തെ തന്നെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ഉന്നയിച്ചിരുന്നു. കരട് പട്ടികയിൽ നിന്ന് യഥാർത്ഥ വോട്ടർമാരെ ബോധപൂർവ്വം ഒഴിവാക്കിയോ എന്ന് സൂക്ഷ്മമായി പരിശോധിക്കാനാണ് ഈ ക്യാമ്പുകൾ വഴി പാർട്ടി പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
Also Read: വൃത്തികെട്ടതെന്ന് കരുതി നിങ്ങൾ അവഗണിക്കുന്ന കാൽവിരലിലെ രോമം നിങ്ങളുടെ ഹൃദയത്തെക്കുറിച്ച് പറയുന്നത് ഞെട്ടിക്കുന്നത്!
വോട്ടർ പട്ടികയിലെ പരാതികൾ വ്യാപകമായതോടെ സംസ്ഥാന സർക്കാരും ഉണർന്ന് പ്രവർത്തിക്കുകയാണ്. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായവരെ തിരികെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സർക്കാർ ഉത്തരവിട്ടു. ഓരോ ഹെൽപ് ഡെസ്കിനും രണ്ട് ഉദ്യോഗസ്ഥരെ വീതം ചുമതലപ്പെടുത്തിയിട്ടുണ്ട്.
വനമേഖലകളിലും തീരദേശങ്ങളിലും വോട്ടർ പട്ടികയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ സർക്കാർ പ്രത്യേക സംവിധാനമൊരുക്കി. ഇതിനായി ആശ വർക്കർമാർ, അംഗനവാടി പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരെ നിയോഗിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയായിരിക്കെ, ഇതിനകം 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നൽകിയിട്ടുണ്ട്.
The post എസ്ഐആർ കരട് പട്ടികയിൽ ‘കൈ’ വെക്കാൻ കോൺഗ്രസ്..! പ്രശ്നങ്ങൾ പരിശോധിക്കാൻ ‘നിശാ ക്യാമ്പുകൾ’ appeared first on Express Kerala.



