PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട നഗരസഭ പാർക്കിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം : ചെയർമാന് കത്ത് നൽകി യുവമോർച്ച

ഇരിങ്ങാലക്കുട : നഗരസഭ റിപ്പബ്ലിക് പാർക്കിന്റെ ശോചനീയാവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ ചെയർമാന് യുവമോർച്ച തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി പരാതി നൽകി.

ഇരിങ്ങാലക്കുട നിവാസികൾ വളരെയധികം ആശ്രയിക്കുന്ന പാർക്കുകളിൽ ഒന്നാണ് അയ്യങ്കാവ് മൈതാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന നഗരസഭ റിപ്പബ്ലിക് പാർക്ക്.

നിലവിൽ പാർക്കിന്റെ അവസ്ഥ വളരെ ശോചനീയമാണെന്നും മഴ പെയ്താൽ കുമിഞ്ഞു കൂടുന്ന ചെളിയും പാർക്കിന് അകത്തു തന്നെ അടിച്ചു കൂട്ടുന്ന ചപ്പ് ചവറുകളും കാട് പിടിച്ചു വൃത്തിഹീനമായി കിടക്കുന്ന കിണറും എല്ലാം പാർക്കിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടി.

വിനോദത്തിനും സമയം ചിലവഴിക്കാനും എത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് തുരുമ്പ് പിടിച്ചതും തകർന്നതുമായ ബെഞ്ചുകളും സ്ലൈഡുകളും ഊഞ്ഞാലുകളുമാണ്.

അതുപോലെ പല ലൈറ്റുകളും പ്രവർത്തനരഹിതമാണ്. ഒരുപാടാളുകൾ എത്തുന്ന ഈ പാർക്കിലെ ബാത്‌റൂമിന്റെ അവസ്ഥയും വളരെ ശോചനീയമാണ്.

കൊതുകു ശല്യം, ഇഴജന്തുക്കളുടെ ആവാസ വ്യവസ്ഥക്കനുകൂലമായ പരിസരം തുടങ്ങി ഒട്ടനവധി പരാതികളാണ് പാർക്കിലെ സ്ഥിരം സന്ദർശകരിൽ നിന്നും യുവമോർച്ച ഭാരവാഹികൾ കേൾക്കാനിടയായത്. അതിനാൽ പാർക്ക്‌ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ എത്രയും വേഗത്തിലാക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

ഇനിയും മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാവുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യുവമോർച്ച ജില്ലാ ഘടകം അറിയിച്ചു.

യുവമോർച്ച ജില്ല വൈസ് പ്രസിഡന്റുമാരായ ആശിഷ ടി. രാജ്, ജിനു ഗിരിജൻ, ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

Spread the love
See also  സൗഹൃദ റസിഡൻസ് അസോസിയേഷൻ പന്ത്രണ്ടാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top