മതിലകം : പി. വെമ്പല്ലൂരിൽ വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് വില്ലേജിൽ എടവിലങ്ങ് സൊസൈറ്റിക്ക് സമീപം താമസിക്കുന്ന കുരിടൻപറമ്പിൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ (18) ആണ് പിടിയിലായത്.
പി. വെമ്പല്ലൂർ ആൽമാവ് ബീച്ച് സ്വദേശി കാട്ടിൽ വീട്ടിൽ സജീവൻ (53) എന്നയാളുടെ ബൈക്കാണ് പ്രതി കവർന്നത്. കഴിഞ്ഞ മെയ് 13-ാം തിയ്യതി രാത്രി ഒമ്പത് മണിക്കും മെയ് 14-ാം തിയ്യതി പുലർച്ചെ അഞ്ച് മണിക്കും ഇടയിലായിരുന്നു സംഭവം. സജീവന്റെ വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന, ഏകദേശം 20,000 രൂപ വിലമതിക്കുന്ന ബൈക്കാണ് റിസ്വാൻ മോഷ്ടിച്ച് കടന്നുകളഞ്ഞത്.
ബൈക്ക് കാണാതായതിനെ തുടർന്ന് ഉടമസ്ഥൻ മതിലകം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് റിസ്വാൻ വലയിലായത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മുഹമ്മദ് റിസ്വാൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു കവർച്ച കേസും ഒരു മോഷണ കേസും ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ ഒരു കേസും അടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് എസ്, സബ്ബ് ഇൻസ്പെക്ടർ അജയ് എസ് മേനോൻ, എഎസ് ഐമാരായ പ്രജീഷ്, ഗോപകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സബീഷ്, ബിനിൽ, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



