വരന്തരപ്പിള്ളി : സുഹൃത്തിനെ കാണിച്ചുകൊടുക്കാത്തതിലുള്ള വിരോധത്തിൽ യുവാവിനെ വീട്ടുമുറ്റത്തു വെച്ച് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ സ്റ്റേഷൻ റൌഡിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വരന്തരപ്പിള്ളി വില്ലേജ്, കോരനോടി ദേശത്ത് കമ്പുഴ വീട്ടിൽ ജിതിൻ (25) ആണ് തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായത്.
കേസിലെ പ്രതിയായ ചേലൂക്കാരൻ വീട്ടിൽ അശ്വിൻ രാജിനെ (26) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 29-ന് (29-03-2026) രാത്രി 10.45-ഓടെയായിരുന്നു സംഭവം. വരന്തരപ്പിള്ളി വില്ലേജിൽ നൂറുകുളം ദേശത്ത് കട്ടിപ്പറമ്പൻ വീട്ടിൽ ക്രിസ്റ്റോ (26) എന്ന യുവാവിനാണ് മർദ്ദനമേറ്റത്.
പ്രതികൾക്ക് ക്രിസ്റ്റോയുടെ ഒരു സുഹൃത്തിനോട് മുൻവൈരാഗ്യമുണ്ടായിരുന്നു. ഈ സുഹൃത്തിനെക്കുറിച്ച് ചോദിച്ചാണ് പ്രതികൾ നൂറുകുളത്തുള്ള ക്രിസ്റ്റോയുടെ വീടിന് മുന്നിലെത്തിയത്. എന്നാൽ സുഹൃത്തിനെ കാണിച്ചുതരാൻ ക്രിസ്റ്റോ തയ്യാറാകാതിരുന്നതോടെ പ്രതികൾ അക്രമാസക്തരാവുകയായിരുന്നു.
വീടിന് മുന്നിലെ റോഡിൽ വെച്ച് ക്രിസ്റ്റോയെ തടഞ്ഞുനിർത്തിയ പ്രതികൾ പരസ്യമായി മർദ്ദിക്കുകയും, കൈയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കും ശരീരത്തിനും അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് മുങ്ങി. പ്രതികളിലൊരാളായ അശ്വിൻ രാജിനെ (26) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
സംഭവത്തിന് ശേഷം ഒളിവിൽ പോയ ജിതിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വരന്തരപ്പിള്ളി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ ഊർജ്ജിത തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.
ജിതിൻ വരന്തരപ്പിള്ളി, പുതുക്കാട് പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമകേസും ഒരു അടി പിടി കേസും ഒരു പോക്സോ കേസും കഞ്ചാവ് ഉപയോഗിച്ച ഒരു കേസും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് കെ.എൻ., ജി എ ഐ ഹരിശങ്കർ പ്രസാദ്, ജി എസ് സി പി ഒമാരായ സജീവ്, അരുൺ, സിവിൽ പോലീസ് ഓഫീസർ ഫിജോ ജോൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



