കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്കുള്ള സർക്കാരിന്റെ സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍.കെഎസ്‌ആർടിസിയില്‍ സൗജന്യ യാത്ര നടപ്പാക്കിയാല്‍, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർധിപ്പിക്കണം. വിദ്യാർഥികള്‍ക്ക് നല്‍കുന്ന കണ്‍സഷൻ ഉള്‍പ്പെടെ ഒഴിവാക്കണമെന്നും ഗോപിനാഥൻ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ചുനില്‍ക്കാൻ കഴിയില്ലെന്നും ഗോപിനാഥൻ പറഞ്ഞു.
ആശങ്കകള്‍ ചൊവ്വാഴ്ച തന്നെ മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും നേരില്‍ കണ്ട് അറിയിക്കും. സർക്കാരില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ഗോപിനാഥൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെ യുഡിഎഫിന്റെ ഗ്യാരന്റികളിലൊന്നായിരുന്നു കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂണ്‍ 15 മുതല്‍ കേരളത്തില്‍ കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.



