ഇന്ത്യൻ നിരത്തുകളിൽ കോംപാക്റ്റ് എസ്‌യുവി വിപ്ലവത്തിന് തുടക്കമിട്ട റെനോ ഡസ്റ്റർ വീണ്ടും വരുന്നു. പഴയ സിയറയെ തിരികെ കൊണ്ടുവരാനുള്ള ടാറ്റയുടെ നീക്കത്തിന് പിന്നാലെ, തങ്ങളുടെ ഐതിഹാസിക മോഡലായ ഡസ്റ്ററിന്റെ പുതിയ ടീസർ പുറത്തുവിട്ടുകൊണ്ട് റെനോയും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 2012-ൽ ഇന്ത്യക്കാർക്ക് സുപരിചിതമായ അതേ കരുത്തുറ്റ രൂപഭാവങ്ങൾ ഓർമ്മിപ്പിക്കുന്നതാണ് പുതിയ ടീസർ. അന്താരാഷ്ട്ര മോഡലുകളിൽ നിന്ന് വ്യത്യസ്തമായി കണക്റ്റഡ് ടെയിൽലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഉയരമുള്ള റൂഫ് റെയിലുകൾ എന്നിവ പുതിയ ഡസ്റ്ററിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
Also Read: വിപണി അടക്കിവാഴാൻ ക്ലാസിക് 350; നവംബറിലും കുതിപ്പ് തുടർന്ന് റോയൽ എൻഫീൽഡ്
ആധുനിക ഫീച്ചറുകളാൽ സമ്പന്നമായ ഒരു ഇന്റീരിയറാണ് പുതിയ ഡസ്റ്ററിൽ ഒരുങ്ങുന്നത്. 10.1 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഏഴ് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ ഇതിലുണ്ടാകും. കൂടാതെ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ആറ് സ്പീക്കറുകളുള്ള അർക്കാമിസ് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി യാത്രക്കാർക്ക് ആഡംബരവും സൗകര്യവും നൽകുന്ന ഒട്ടനവധി സംവിധാനങ്ങൾ ഈ വാഹനത്തിൽ റെനോ ഉറപ്പാക്കുന്നുണ്ട്.
സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് പുതിയ ഡസ്റ്ററിന്റെ വരവ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവയ്ക്ക് പുറമെ ആധുനിക ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റമായ ADAS-ഉം വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ഏകദേശം 10 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന ഡസ്റ്റർ, വിപണിയിലെ കരുത്തരായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവർക്ക് കടുത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്.
The post വീണ്ടും ഡസ്റ്റർ തരംഗം! നൊസ്റ്റാൾജിയ ഉണർത്തി റെനോയുടെ പുതിയ ടീസർ പുറത്തിറങ്ങി appeared first on Express Kerala.



