വിശാഖപട്ടണം: ടാറ്റാനഗർ–എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് എസി കോച്ചുകൾ പൂർണമായും കത്തിനശിച്ചു. ബി1, എം2 കോച്ചുകളാണ് തീപിടിത്തത്തിൽ നശിച്ചത്.
അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം, വിശാഖപട്ടണത്തിൽ നിന്ന് ഏകദേശം 66 കിലോമീറ്റർ അകലെയായാണ് തീപിടിത്തം ഉണ്ടായത്. 18189 നമ്പർ ടാറ്റാനഗർ–എറണാകുളം ജംഗ്ഷൻ എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിലായി ആകെ 158 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു കോച്ചിൽ 82 പേരും മറ്റൊന്നിൽ 76 പേരുമായിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകളുണ്ടെങ്കിലും മരിച്ചയാളുടെ തിരിച്ചറിയൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Also Read: ‘ബുൾഡോസർ രാജ്’ ചർച്ചയാകുന്നു; സിദ്ധരാമയ്യ ഇന്ന് അടിയന്തര യോഗം വിളിച്ചു
പുലർച്ചെയാണ് എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ തീപിടിത്തമുണ്ടായത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ ലോക്കോ പൈലറ്റുമാർ ട്രെയിൻ നിർത്തി. റെയിൽവേ അധികൃതർ അഗ്നിശമന സേനയെയും വിവരമറിയിച്ചു. കനത്ത പുക പടർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി കോച്ചുകളിൽ നിന്ന് പുറത്തിറങ്ങി. ഫയർ എഞ്ചിനുകൾ എത്തുന്നതിനുമുമ്പുതന്നെ രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചിരുന്നു. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. തീപിടിച്ച കോച്ചുകൾ ട്രെയിനിൽ നിന്ന് വേർപെടുത്തിയതിനുശേഷം യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയായിരുന്നു. സമയബന്ധിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ സുരക്ഷിതരാണെന്ന് ദക്ഷിണ മേഖലാ റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് വിശാഖപട്ടണം–വിജയവാഡ റൂട്ടിലെ നിരവധി ട്രെയിനുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. കത്തിനശിച്ച കോച്ചുകൾ നീക്കം ചെയ്തതിന് ശേഷം ടാറ്റാനഗർ–എറണാകുളം എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു.
The post ടാറ്റാനഗർ–എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; 158 യാത്രക്കാരെ രക്ഷപ്പെടുത്തി appeared first on Express Kerala.



