PUDUKAD-NEWS-PUTHUKAD-NEWS

രാസലഹരി കടത്താൻ ശ്രമം: എടമുട്ടം പുളിഞ്ചോട് സ്വദേശി അറസ്റ്റിൽ.

കൊടകര: പാഴ്‌സൽ സർവീസിന്റെ മറവിൽ ബാംഗ്ലൂരിൽനിന്ന് എറണാകുളത്തേക്ക് ഐഷർ ലോറിയിൽ കടത്തുകയായിരുന്ന വൻ രാസലഹരി ശേഖരവുമായി ഒരാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘവും കൊടകര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (35) ആണ് പിടിയിലായത്. ഇയാൾ ഓടിച്ചിരുന്ന ലോറിയിൽനിന്ന് 198.3 ഗ്രാം എം.ഡി.എം.എ.യും (MDMA) നാല് എൽ.എസ്.ഡി. (LSD) സ്റ്റാമ്പുകളും പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്നും വാഹനവും കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം ഇന്ന് (22/05/2026) പുലർച്ചെ 02.45-ഓടെ നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരം പിടികൂടിയത്. ഐഷർ ലോറിയിലെ കാർഗോ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.
കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ കാർഗോ പാഴ്‌സൽ കമ്പനിയിലെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഫാസിൽ. കഴിഞ്ഞ ഒരു വർഷമായി ഇയാൾ ഇവിടെ ജോലി ചെയ്തുവരികയാണ്. ബാംഗ്ലൂരിൽനിന്ന് പാഴ്‌സലുകൾക്കൊപ്പം ലഹരിമരുന്നും ലോറിയിൽ കയറ്റി, എറണാകുളം കേന്ദ്രീകരിച്ച് വൻകിട ഇടപാടുകാർക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി സിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളായ എസ് ഐ മാരായ ജയകൃഷ്ണൻ പി, സതീശൻ മടപ്പാട്ടിൽ, പിഎം മൂസ, ഷൈൻ ടി ആർ , എ എസ് ഐ മാരായ സിൽജോ വി.യു, ലിജു ഇയ്യാനി, റെജി എ.യു, ബിനു എം.ജെ , ജീവൻ ഇ എസ്, ബിജു സി കെ, എസ് സി പി ഒ മാരായ സോണി പിഎക്സ്,
സി പി ഒ മാരായ നിഷാന്ത് എ.ബി, ഷിൻ്റോ കെ.ജെ, സുർജിത്ത് സാഗർ, ശ്രീജിത്ത് ഇ.എ, കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജർലിൻ വി. സ്‌കറിയ, വെള്ളിക്കുളങ്ങര സിഐ ഷബാബ് കെ.കെ, കൊടകര എസ് ഐ മാരായ അരുൾ എം.ബി, സുധീഷ് പി.ആർ, സി പി ഒ മാരായ രജിത് എ.ആർ, ശ്രീനാഥ് ഇ.എ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ചേർപ്പ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അനുമോദന യോഗം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top