ഇരിങ്ങാലക്കുട : മാടായിക്കോണം തളിയക്കോണം ചകിരിക്കമ്പനിക്ക് സമീപം ഭവനഭേദനം നടത്തി മൊബൈൽ ഫോണും നാൽപ്പതിനായിരം രൂപയും മോഷണം നടത്തിയ കേസിൽ തേലപ്പിള്ളി ശക്തി പോലീസ് പിടിയിലായി. മാടായിക്കോണം വില്ലേജ് തേലപ്പിള്ളി കേളംപറമ്പിൽ വീട്ടിൽ ശക്തി (22) യെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 18-ാം തീയതി രാവിലെ 7.30-നും രാത്രി 7.30-നും ഇടയിലുള്ള സമയത്തായിരുന്നു മോഷണം നടന്നത്. തളിയക്കോണം ചകിരിക്കമ്പനി ദേശത്ത് കരേക്കാട്ട് പറമ്പിൽ മോഹനന്റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയ പ്രതി, വീട്ടിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പൂജാമുറിയിലെ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 40,000 രൂപയുമാണ് അപഹരിച്ചത്.
വീട്ടുടമസ്ഥന്റെ പരാതിയെത്തുടർന്ന് ഇരിങ്ങാലക്കുട പോലീസ് കേസ് എടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ശക്തി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് ടി, സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ശ്രീലാൽ, പാട്രിക്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അർജുൻ , ഷാബു, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, കിഷോർ, ഡ്രൈവർ സി പി ഒ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



