തിരുവനന്തപുരം: എ.എ. റഹീമിനെതിരായ സൈബർ ആക്രമണം മുതൽ ശബരിമല സ്വർണ്ണക്കൊള്ള കേസ് വരെ നീളുന്ന വിവിധ വിഷയങ്ങളിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എ.എ. റഹീമിനെതിരായ സൈബർ ആക്രമണം റഹീമിനെതിരായ സൈബർ ആക്രമണം നടത്തുന്നവർ തങ്ങൾ ലോക പണ്ഡിതന്മാരാണെന്ന ഭാവത്തിലാണ് പെരുമാറുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒരു പൊതുവിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കാനാണ് റഹീം പോയത്. അവിടെ ആശയവിനിമയത്തിനാണ് പ്രാധാന്യം, അല്ലാതെ ഗ്രാമർ പരീക്ഷ എഴുതാനല്ല. തനിക്കറിയാവുന്ന ഭാഷയിൽ റഹീം കൃത്യമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫീസുമായി ബന്ധപ്പെട്ട് കെ.എസ്. ശബരീനാഥൻ പങ്കുവെച്ച പോസ്റ്റ് നീതിരഹിതമാണെന്ന് മന്ത്രി പറഞ്ഞു. പ്രശാന്തിനെ അനിയനെപ്പോലെ കാണുന്നു എന്ന് പറഞ്ഞിട്ട് ഇത്തരമൊരു പ്രവൃത്തി ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാറശാല ബ്ലോക്ക് ഓഫീസിൽ നിന്ന് വി.എസ്. അച്യുതാനന്ദന്റെ ചിത്രം എടുത്തുമാറ്റിയത് വലിയ മര്യാദകേടാണെന്ന് മന്ത്രി പറഞ്ഞു. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഭാഷയല്ല, മനുഷ്യത്വമാണ് പ്രധാനം! എ.എ. റഹീമിനെതിരായ സൈബർ ആക്രമണത്തിൽ പിന്തുണയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി
ശബരിമല സ്വർണ്ണക്കൊള്ള കേസ്
തിരഞ്ഞെടുപ്പ് സമയമായിട്ടുപോലും കുറ്റവാളികളെ വെച്ചുപൊറുപ്പിക്കില്ല എന്ന കർശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സ്വർണ്ണക്കൊള്ള കേസിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. എന്നാൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്ത് എത്തിച്ചത് ആരാണെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. പോറ്റി പലതവണ അവിടെ പോയത് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടയാക്കുന്നുണ്ടെന്നും മന്ത്രി പരിഹസിച്ചു.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. മാനേജ്‌മെന്റുകൾ നാമമാത്രമായ വർധനവാണ് നിർദ്ദേശിച്ചതെന്നും, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
The post റഹീം പോയത് ഗ്രാമർ പരീക്ഷ എഴുതാനല്ല; സൈബർ ആക്രമണങ്ങൾക്കെതിരെ മന്ത്രി ശിവൻകുട്ടിയുടെ ചുട്ട മറുപടി appeared first on Express Kerala.



