പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണ്ണായകമെന്ന് കരുതിയ ഡി. മണിയുടെ പങ്കാളിത്തം സ്ഥിരീകരിക്കാനാകാതെ പ്രത്യേക അന്വേഷണസംഘം കുഴങ്ങുന്നു. ചോദ്യം ചെയ്യലിൽ ശബരിമലയുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവുകളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഡി. മണിയും കേസിലെ മറ്റൊരു പ്രതിയായ ശ്രീകൃഷ്ണനും ഇറിഡിയം തട്ടിപ്പ് നടത്തുന്നവരാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ബന്ധം ശബരിമലയിലെ സ്വർണക്കൊള്ളയിലേക്ക് എത്തുന്നില്ല എന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. മണിയുമായി നിലവിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശ്രീകൃഷ്ണൻ മൊഴി നൽകിയിരിക്കുന്നത്. താൻ തിരുവനന്തപുരത്ത് ആകെ രണ്ട് തവണ മാത്രമേ വന്നിട്ടുള്ളൂ എന്ന് മണിയും മൊഴി നൽകി. പ്രതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളോ ശബരിമലയുമായി ബന്ധപ്പെട്ട ഗൂഢാലോചനയോ തെളിയിക്കുന്ന ഡിജിറ്റൽ അല്ലെങ്കിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ ഇതുവരെ എസ്ഐടിക്ക് സാധിച്ചിട്ടില്ല. മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകൾ അടക്കം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Also Read: പുതുവർഷത്തെ വരവേൽക്കാൻ സംസ്ഥാനം സജ്ജം; വിപുലമായ ഒരുക്കങ്ങൾ
കേസിൽ കൂടുതൽ വ്യക്തത വരുത്താനും, മണിയെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയ പ്രവാസി വ്യവസായിയിൽ നിന്നും കൂടുതൽ മൊഴിയെടുക്കാനും എസ്ഐടി ആലോചിക്കുന്നു. കേസിൽ അറസ്റ്റിലായ മൂന്നുപ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം
The post ഡി മണിക്ക് സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല; കുഴങ്ങി അന്വേഷണസംഘം appeared first on Express Kerala.



