തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവിനെ ഡാൻസഫ് സംഘം അറസ്റ്റ് ചെയ്തു. വിളപ്പിൽശാല ചീലപ്പാറ വിഷ്ണു ഭവനിൽ വിവേക് (28) ആണ് അറസ്റ്റിലായത്. പേയാട് പള്ളിമുക്ക് സ്വദേശി വിവേക് മോഹന്റെ വീട്ടിൽ ബാഗുകളിലാക്കി പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഡാൻസാഫ് സംഘം വീട്ടിലെത്തുകയായിരുന്നു. പോലീസ് എത്തിയതുകണ്ട് വീട്ടുടമസ്ഥനായ വിവേക് മോഹൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വിവേക് മോഹൻ തന്റെ മാതാപിതാക്കളോടൊപ്പം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലാണ് താമസം. പേയാടുള്ള ഇയാളുടെ ആൾത്താമസമില്ലാത്ത വീടാണ് കഞ്ചാവ് സൂക്ഷിക്കാനായി തിരഞ്ഞെടുത്തത്. പിടിക്കപ്പെട്ടവരും ഒളിവിലുള്ള പ്രതിയും മലയിൻകീഴ്, വിളപ്പിൽശാല, പൂന്തുറ, കരമന തുടങ്ങി വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. വിവേക് മോഹൻ മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവെത്തിച്ച് തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്ന സംഘമാണിതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
The post പേയാട് 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; സുഹൃത്ത് ഓടി രക്ഷപ്പെട്ടു appeared first on Express Kerala.



