തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുന്നോടിയായുള്ള അവസാന നിയമസഭാ സമ്മേളനം ജനുവരി 20-ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനമാണിത്. ജനുവരി 20-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭ ആരംഭിക്കുക. സംസ്ഥാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കും. സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Also Read: ജനുവരി 29-ന് ബജറ്റ്! നിയമസഭാ സമ്മേളനം ജനുവരി 20 മുതൽ
സമ്മേളന തീരുമാനത്തിന് പുറമെ നിർണായകമായ മറ്റ് നിരവധി തീരുമാനങ്ങളും മന്ത്രിസഭാ യോഗത്തിലുണ്ടായി. കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ പുതുതായി 159 തസ്തികകൾ (91 സ്ഥിരം, 68 കരാർ) സൃഷ്ടിക്കാൻ തീരുമാനിച്ചു. കൂടാതെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകളും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തലശ്ശേരി ബെഞ്ചിനായി 22 തസ്തികകളും അനുവദിച്ചു. കേരള അഗ്രോ മിഷണറി കോർപ്പറേഷൻ, കേരള സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് എന്നിവിടങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനും യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിലും നഗരസഭകളിലും ലൈബ്രറികളിലും മറ്റും പത്തോ അതിലധികമോ വർഷമായി ദിവസവേതനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
മറ്റു പ്രധാന തീരുമാനങ്ങളിൽ ഉഡുപ്പി-കരിന്തളം 400 കെ.വി. ട്രാൻസ്മിഷൻ ലൈൻ പദ്ധതിക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചതും ഉൾപ്പെടുന്നു. ഇതിന്റെ സാമ്പത്തിക ബാധ്യത കരാർ കമ്പനിയായ സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് വഹിക്കണം. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ ജോലി ചെയ്തിരുന്ന 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പള കുടിശ്ശിക അനുവദിക്കാനും മന്ത്രിസഭ അനുമതി നൽകി.
The post രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം ജനുവരി 20 മുതൽ; പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ തീരുമാനം appeared first on Express Kerala.



