PUDUKAD-NEWS-PUTHUKAD-NEWS

പുസ്തകങ്ങളുടെ വര്‍ണ്ണവിരുന്നൊരുക്കി വായന സദസ്സിന് തുടക്കം; ജില്ലാ കളക്ടര്‍ ഉദ്ഘാടം നിര്‍വ്വഹിച്ചു.

ചെന്ത്രാപ്പിന്നി : വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി.എന്‍ പണിക്കരുടെ സന്ദേശത്തോടെ ജൂണ്‍ 19 വായന ദിനത്തില്‍ തുടങ്ങി ജൂലൈ 18 ന് അവസാനിക്കുന്ന വായന മാസാചരണത്തിന്റെയും വായന മഹോത്സവത്തിന്റെയും ഭാഗമായ വായന സദസ്സിന് ചെന്ത്രാപ്പിന്നി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ജില്ലാതല വായന സദസ്സിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.
പ്രൈമറി തലത്തില്‍ തുടങ്ങി ഐ.എ.എസ്തലം വരെയുള്ള പഠനവും വായനയുടെ പങ്കും പിന്തുണയും കളക്ടര്‍ പദവിയിലെത്തിച്ചതിന്റെ അനുഭവം പങ്കുവെച്ചാണ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.വി. സുവീഷ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ്, യു ആര്‍ എഫ് ഏഷ്യന്‍ റെക്കോര്‍ഡ് ഹോള്‍ഡര്‍ ആര്‍ട്ടിസ്റ്റ് സെയ്ദ് ഷാഫി, ചെന്ത്രാപ്പിന്നി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ ഡോ. കെ.സി. പ്രകാശന്‍ എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങില്‍ സെയ്ദ് ഷാഫി വരച്ച ജില്ലാ കളക്ടറുടെ ഛായാ ചിത്രം കളക്ടര്‍ക്ക് സമ്മാനിച്ചു.
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍, സുധാ മൂര്‍ത്തിയുടെ ഹൊറിഗല്ലു എന്നീ പുസ്തകങ്ങളുടെ ആസ്വാദനകുറിപ്പും ക്യാരക്ടര്‍ പ്രസന്റേഷനും നടത്തി. എസ് എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ ചടങ്ങില്‍ ആദരിച്ചു. വായന ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും ഹൈകു മാഗസിന്റെയും സ്റ്റിക്കിപോസ്റ്ററുകളുടെ പ്രകാശനവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു.
എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.കെ ശ്രീജിഷ്, ഹെഡ് മാസ്റ്റര്‍ കെ.എസ്. കിരണ്‍, പ്രൈമറി. ഹെഡ്മിസ്ട്രസ് വി.വി. അമ്പിളി ഉപഹാര സമര്‍പ്പണം നടത്തി. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബദറുദ്ദീന്‍ ഗുരുവായൂര്‍, ജില്ലാ സാക്ഷരത മിഷന്‍ കോഡിനേറ്റര്‍ വി. ശ്യാംലാല്‍, കുടുംബശ്രീ മിഷന്‍ അസി. കോഡിനേറ്റര്‍ പ്രസാദ്, ഐ.പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ കെ.സി. ഹരിദാസ്, സ്‌കൂള്‍ പി.ടി.എ.പ്രസിഡണ്ട് എവി. പ്രദീപ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എന്‍ പണിക്കര്‍ ജില്ലാ റീഡിംങ് മിഷന്‍ കോഡിനേറ്റര്‍ എം.എ സാദിഖ് സ്വാഗതവും കണ്‍വീനര്‍ കെ.ആര്‍. ജോഷി കൊല്ലാറ നന്ദിയും പറഞ്ഞു.
ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Spread the love
See also  താൽക്കാലിക അധ്യാപക ഒഴിവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top