തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ ശരിയായ നിലപാടുകളോട് സിപിഎമ്മിന് എക്കാലത്തും യോജിപ്പാണെന്നും എന്നാൽ അദ്ദേഹം സ്വീകരിക്കുന്ന എല്ലാ നിലപാടുകളുടെയും ഉത്തരവാദിത്തം പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐക്കെതിരായ പരാമർശം: ‘ഞങ്ങളുടേതല്ല ആ നിലപാട്’
സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചതിനോട് എം.വി. ഗോവിന്ദൻ വിയോജിച്ചു. സിപിഎമ്മിന് അത്തരമൊരു നിലപാടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “സിപിഐയുമായി ഏറ്റവും നല്ല ഐക്യത്തിലാണ് പാർട്ടി മുന്നോട്ട് പോകുന്നത്. അത് ഇനിയും തുടരും. ഇത്തരമൊരു പരാമർശം നടത്തിയതിന് മറുപടി പറയേണ്ടത് വെള്ളാപ്പള്ളി തന്നെയാണ്, അതിൽ സിപിഎമ്മിനെ വലിച്ചിഴയ്ക്കേണ്ടതില്ല,” എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Also Read: ഞങ്ങളെ കരുവാക്കാമെന്ന് ആരും വിചാരിക്കണ്ട! ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുകുമാരൻ നായർ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ഭരണപരമായ തീരുമാനം
പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ വിമർശനങ്ങളിലും അദ്ദേഹം മറുപടി നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതി എന്നത് തികച്ചും ഭരണപരമായ കാര്യമാണ്. അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് സർക്കാരിന് മാത്രമേ കൃത്യമായ മറുപടി നൽകാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post വെള്ളാപ്പള്ളിക്ക് കിട്ടിയത് എട്ടിന്റെ പണി! സിപിഐയെ ചേർത്തുപിടിച്ച് ഗോവിന്ദൻ മാസ്റ്റർ appeared first on Express Kerala.



