ടെക്‌സസ്: കണ്ടന്റ് ക്രിയേറ്റർമാർക്ക് യൂട്യൂബിനേക്കാൾ മികച്ച പ്രതിഫലം എക്‌സ് പ്ലാറ്റ്‌ഫോമിൽ ഉടൻ നൽകുമെന്ന് സൂചന നൽകി ഇലോൺ മസ്‌ക്. എക്‌സിൽ ഒറിജിനൽ കണ്ടന്റുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മോണിറ്റൈസേഷൻ സംവിധാനത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ പ്രതികരണം.
ഉപയോക്താക്കൾക്ക് മതിയായ പ്രതിഫലം നൽകാത്ത പ്ലാറ്റ്‌ഫോമുകൾ കാലഹരണപ്പെടുമെന്ന യൂസര്‍മാരുടെ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ്, എക്‌സ് മോണിറ്റൈസേഷനെക്കുറിച്ച് മസ്‌ക് മനസുതുറന്നത്. കണ്ടന്റ് ക്രിയേറ്റർമാർക്ക് യഥാർത്ഥ വരുമാനം ഉറപ്പാക്കുന്ന ഒരു സംവിധാനം എക്‌സ് നടപ്പാക്കിയാൽ, വീഡിയോ സ്ട്രീമിംഗ് രംഗത്ത് യൂട്യൂബിന്റെ ആധിപത്യത്തിന് അത് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
Also Read: പോക്കോ എം8 5ജി ജനുവരി 8ന് എത്തും!
ഓൺലൈൻ ഉള്ളടക്കങ്ങൾ വലിയ ഭാഷാ മോഡലുകൾ വ്യാപകമായി ശേഖരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മോണിറ്റൈസേഷൻ നൽകുന്ന പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമേ ആധികാരിക ഉള്ളടക്കം നിലനിർത്താൻ കഴിയൂവെന്നതാണ് ഇലോൺ മസ്‌കിന്റെ നിലപാട്. അതേസമയം, പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നവരെ പൂർണമായും ഒഴിവാക്കിക്കൊണ്ടായിരിക്കും മോണിറ്റൈസേഷൻ നടപ്പാക്കുകയെന്നും മസ്‌ക് എക്‌സ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ഉള്ളടക്കം ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചുവരികയാണെന്ന് എക്‌സിന്റെ പ്രോഡക്ട് ഹെഡ് നികിത ബയർ വ്യക്തമാക്കി. കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്താലും, അത് നിശ്ചയിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശക്തമായ നിയന്ത്രണം പ്ലാറ്റ്‌ഫോമിനുണ്ടാകും. കൃത്രിമ എൻഗേജ്മെന്റ്, ബോട്ട്-അധിഷ്ഠിത ഇടപെടലുകൾ, തെറ്റിദ്ധാരണ പരത്തൽ എന്നിവ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും, 99 ശതമാനം തട്ടിപ്പുകാരെ നീക്കുക എന്നതാണ് ലക്ഷ്യമെന്നും നികിത ബയർ പറഞ്ഞു.
Also Read: 2026 ജനുവരിയിൽ പുതിയ സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച്!
മുമ്പ് എക്‌സ് കുറഞ്ഞ പ്രതിഫലമാണ് നൽകുന്നതെന്ന് ഇലോൺ മസ്‌ക് തുറന്നുപറഞ്ഞിരുന്നു. പേയ്മെന്റുകൾ സമയത്ത് നൽകുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും 2025 ഒക്ടോബറിൽ അദ്ദേഹം സമ്മതിച്ചിരുന്നു. ഈ രംഗത്ത് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഏറെ മുന്നിലാണെന്നും മസ്‌ക് അംഗീകരിച്ചിരുന്നു.
The post കണ്ടന്റ് ക്രിയേറ്റർമാർക്ക് വൻ അവസരമൊരുക്കി ‘എക്‌സ്’; യൂട്യൂബിനേക്കാൾ കൂടുതൽ പ്രതിഫലം വാഗ്ദാനം? appeared first on Express Kerala.



