PUDUKAD-NEWS-PUTHUKAD-NEWS

ഓപ്പറേഷൻ തൂഫാൻ: അന്തരീക്ഷത്തിൽ കഞ്ചാവിന്റെ മണം. പോലീസിനെ കണ്ട് യുവാവ് കഞ്ചാവ് കത്തിക്കാൻ ശ്രമം – കയ്യോടെ പിടികൂടി പോലീസ്.

കൊടുങ്ങല്ലൂർ: കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി എറിയാട് സ്വദേശി കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായി. എറിയാട് ആറാട്ടുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന നിരവധി കേസുകളിൽ പ്രതിയായ കുറ്റിക്കാട്ടിൽ വീട്ടിൽ അഫ്സൽ പെപ്പ എന്നു വിളിക്കുന്ന അഫ്സൽ (27) ആണ് അറസ്റ്റിലായത്.
7-7-2026 ചൊവ്വാഴ്ച വൈകിട്ട് 4.20-ഓടെ എറിയാട് ആറാട്ടുവഴിയിലുള്ള ഇയാളുടെ വാടകവീട്ടിൽ നിന്നാണ് തൃശ്ശൂർ റൂറൽ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് കഞ്ചാവും ലഹരി വലിക്കാനുപയോഗിക്കുന്ന ഉപകരണവും പോലീസ് പിടിച്ചെടുത്തു.
പോലീസിനെ അപ്രതീക്ഷിതമായി കണ്ട പരിഭ്രാന്തിയിൽ കഞ്ചാവ് നശിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. കൈവശമുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകൾ ഇയാൾ വേഗത്തിൽ അടുപ്പിനുള്ളിലേക്ക് തള്ളുകയായിരുന്നു. അടുപ്പിൽ തീ ഉണ്ടായിരുന്നില്ലെങ്കിലും ചാരത്തിനുള്ളിൽ കനൽ ഉണ്ടായിരുന്നതിനാൽ അടുപ്പിൽ നിന്നും പുക ഉയരുകയും കഞ്ചാവ് കരിഞ്ഞ രൂക്ഷഗന്ധം വീടിനുള്ളിൽ പരക്കുകയും ചെയ്തതോടെ പോലീസിന് കാര്യം മനസ്സിലായി. തുടർന്ന് എസ്.ഐ.യും സംഘവും അടുപ്പിൽ നിന്നും കഞ്ചാവ് പൊതികൾ വീണ്ടെടുത്ത്, നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതിയെ തൊണ്ടിസഹിതം കൈയ്യോടെ പൊക്കുകയായിരുന്നു.
കുട്ടികളെ ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് കേസിനെ സമീപിച്ചിരിക്കുന്നത്. എൻ.ഡി.പി.എസ്. (NDPS) നിയമത്തിന് പുറമെ, ജാമ്യമില്ലാ വകുപ്പായ ബാലനീതി നിയമത്തിലെ (Juvenile Justice Act) സെക്ഷൻ 77 കൂടി പ്രതിക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും
പ്രദേശത്ത് സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന മറ്റ് സംഘങ്ങളെക്കുറിച്ച് അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
അഫ്സൽ കൊടുങ്ങല്ലൂർ, മതിലകം , പാലാരിവട്ടം പോലീസ് സ്റ്റേഷനുകളിലായി നാല് മോഷണ കേസുകളും കഞ്ചാവ് ഉപയോഗിച്ച ഒരു കേസും ഒരു അടിപിടികേസും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ പൊതു വഴിയിൽ അശ്രദ്ധമായി വാഹനമോടിച്ച രണ്ട് കേസും അടക്കം എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അതുൽ മോഹൻ, അറഫത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിഷ, കിഷോർ ചന്ദ്രൻ, ജിജിൻ ജെയിംസ്, ഡാൻസാഫ് അംഗങ്ങളായ എസ് ഐ പ്രദീപ്, എ.എസ്.ഐ. ലിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സുർജിത്ത്, എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  സംസ്കൃത പഠനം വിദ്യാഭ്യാസത്തിൻ്റെ കാതൽ : എൽ. ഗിരീഷ്കുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top