ചാലക്കുടി: ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഇ.എൻ.ടി. വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ കൺപുരികത്തിനുള്ളിലേക്ക് അപകടത്തിൽ തുളച്ചുകയറിയിരുന്ന പേനയുടെ നിബ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ അതീവ സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.
ഇ.എൻ.ടി. സർജൻ ഡോ. അംബുജം വി. എ. യുടെ നേതൃത്വത്തിൽ, അനസ്തേഷ്യ വിദഗ്ധയായ ഡോ. രേഖ ചന്ദ്രന്റെ സഹകരണത്തോടെയും ഓപ്പറേഷൻ തിയേറ്റർ ടീമിന്റെ ഏകോപിതവും കൃത്യതയാർന്നതുമായ പ്രവർത്തനത്തിലൂടെയുമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
കൺപുരികത്തിനോട് ചേർന്ന അതിസൂക്ഷ്മമായ ഭാഗത്താണ് പേനയുടെ നിബ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ തുളച്ചുകയറിയിരുന്നത്. കാഴ്ചയെ ബാധിക്കാനോ സമീപ നാഡികൾക്കും രക്തക്കുഴലുകൾക്കും ഗുരുതരമായ പരിക്കേൽക്കാനോ സാധ്യതയുള്ള സാഹചര്യമായതിനാൽ അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധസംഘം ശസ്ത്രക്രിയയ്ക്ക് തീരുമാനമെടുത്തത്.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പേനയുടെ എല്ലാ ഭാഗങ്ങളും സുരക്ഷിതമായി പുറത്തെടുക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. രോഗി നിലവിൽ സുഖം പ്രാപിച്ചുവരികയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ തുടർപരിചരണം ആശുപത്രിയിൽ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സർക്കാർ ആശുപത്രികളിലെ വിദഗ്ധ ചികിത്സാ സംവിധാനങ്ങളുടെയും ഡോക്ടർമാരുടെയും ഓപ്പറേഷൻ തിയേറ്റർ ജീവനക്കാരുടെയും കാര്യക്ഷമമായ കൂട്ടായ പ്രവർത്തനത്തിന്റെ മികച്ച ഉദാഹരണമായാണ് ഈ ചികിത്സാ വിജയം വിലയിരുത്തപ്പെടുന്നത്.



