PUDUKAD-NEWS-PUTHUKAD-NEWS

ടൗൺ ബാങ്ക് പ്രതിസന്ധി; സമരം വ്യാപിപ്പിച്ച് നിക്ഷേപകർ

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രതിസന്ധി; സമരം വ്യാപിപ്പിച്ച് നിക്ഷേപകർ ; സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നഗരസഭ ചെയർമാനെതിരെ കൂക്കി വിളിച്ച് പ്രതിഷേധം; ബാങ്ക് ശാഖാ മാനേജരുമായും വാഗ്വാദം

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ സമരം കൂടുതൽ തലങ്ങളിലേക്ക്. കഴിഞ്ഞ ദിവസം വിഷയത്തിൽ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയ നിക്ഷേപകർ ഇന്ന് രാവിലെ ഠാണാവിൽ നഗരസഭ ചെയർമാനും ബാങ്ക് മുൻ ഭരണസമിതി ചെയർമാനുമായ എം പി ജാക്സൻ മുഖ്യാതിഥി ആയി പങ്കെടുക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിലേക്കും എത്തി. നിക്ഷേപങ്ങൾ മടക്കി നൽകുക, ജീവനക്കാരുടെ ശമ്പളം വെട്ടി കുറയ്ക്കുക, ബ്രാഞ്ചുകൾ കുറയ്ക്കുക, വിഷയം പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലാക്കാർഡുകളുമായിട്ടാണ് നൂറോളം വരുന്ന നിക്ഷേപകർ എത്തിയത്. ഉദ്ഘാടന ചടങ്ങിനിടെ ചെയർമാൻ്റെ പേര് പറഞ്ഞപ്പോൾ കൂക്കി വിളിച്ച നിക്ഷേപകർ , ചടങ്ങ് കഴിഞ്ഞ് ചെയർമാൻ മടങ്ങുമ്പോൾ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചടങ്ങിൽ പങ്കെടുത്ത നഗരസഭ കൗൺസിലറും ബാങ്കിൻ്റെ നട ബ്രാഞ്ച് മാനേജരുമായ ജോസഫ് ചാക്കോയെ പണം എന്ന് തിരിച്ച് ലഭിക്കുമെന്ന് ചോദിച്ച് സ്ത്രീകൾ അടക്കമുള്ള നിക്ഷേപകർ ചോദ്യം ചെയ്തു. ബാങ്ക് ഇപ്പോൾ ആർബിഐ യുടെ നിയന്ത്രണത്തിലാണെന്നും അവരാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും ജോസഫ് ചാക്കോ മറുപടി നൽകി. എന്നാൽ ആർബിഐയുടെ നിർദ്ദേശത്തെ തുടർന്നല്ല തങ്ങൾ പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകരും വാദിച്ചു. അല്പനേരത്തെ തർക്കത്തിന് ശേഷം നിക്ഷേപകർ മടങ്ങി. പ്രതിഷേധ പരിപാടികൾ തുടരുമെന്ന് നിക്ഷേപകരുടെ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ ജന്തർ മന്തർ സമരത്തിൻ്റെ വിജയം സമരക്കാർക്ക് ആവേശം നൽകിയിട്ടുണ്ട്. ലാഭങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു രാഷ്‌ട്രീയ കക്ഷിയും ഇത്രയും കാലം നിക്ഷേപകർക്ക് വേണ്ടി രംഗത്ത് വന്നിട്ടില്ലെന്നും കൂട്ടായ്മയിലൂടെ തങ്ങൾ പൊതുയിടങ്ങളിൽ എത്തി തുടങ്ങിയപ്പോഴാണ് ചിലരെങ്കിലും പ്രതികരിച്ച് തുടങ്ങിയിരിക്കുന്നതെന്നും നിക്ഷേപകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

See also  നീലിപ്പാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്, ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു..
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top