ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന നിയമവിരുദ്ധ ഇടപാടുകളുടെ വിവരങ്ങളുമായി ബാങ്ക് നിക്ഷേപ സംരക്ഷണസമരസമിതി; ക്രമക്കേടുകൾക്ക് പിന്നിൽ മോഹൻലാൽ ത്രില്ലർ ചിത്രത്തെ വെല്ലുന്ന തിരക്കഥയെന്നും സമരസമിതി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നടന്ന ക്രമവിരുദ്ധ ഇടപാടുകളുടെ കൂടുതൽ വിവരങ്ങളുമായി ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണസമരസമിതി. അഞ്ച് കുടുംബങ്ങൾക്കായി വിലയുടെ പത്തിരട്ടി കാണിച്ച് ലോൺ നൽകിയത് 25 കോടിയോളം രൂപ. 23 ലോൺ അപേക്ഷകർക്കായി നൽകിയത് 124.5 കോടിയോളം. ആർബിഐ യുടെ നിയന്ത്രണങ്ങൾ വന്നതിന് ശേഷവും മതിയായ രേഖകൾ ഇല്ലാതെ വേണ്ടപ്പെട്ടവർക്ക് 115 കോടി രൂപ നൽകിയതായും സമരസമിതി. ഡിഐസിജിസി മുഖാന്തരം നിക്ഷേപകർക്ക് അഞ്ച് ലക്ഷം നൽകിയപ്പോൾ കോർ ബാങ്കിംഗ് സംവിധാനത്തിലെ ന്യൂനതകൾ ദുരുപയോഗം ചെയ്ത് ചിലർക്ക് കൂടുതൽ തുക നൽകിയതായി ഓഡിറ്റ് വിഭാഗം നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും സമരസമിതി. മോഹൻലാൽ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥയെ വെല്ലുന്ന തിരക്കഥയാണ് ക്രമക്കേടുകൾ ക്ക് പിന്നിൽ രചിക്കപ്പെട്ടിട്ടുള്ളത്.462 കോടി രൂപയാണ് ഡിഐസിജിസി മുഖാന്തരം വിതരണം ചെയ്തത് . ഇത് മടക്കി ലഭിക്കാൻ 382 കോടി രൂപ ഡിഐസിജിസി മരവപ്പിച്ച് നിറുത്തിയിരിക്കുകയാണ്. ഐടിസി ഗ്രൂപ്പുമായി ബാങ്കിൻ്റെ പേര് മാറ്റ കേസ് നടത്താൻ ചിലവഴിച്ചത് 4 കോടി രൂപയാണ്. 2024 – 25 വർഷത്തിൽ ബാങ്ക് 45 കോടിയും 2025 – 26 വർഷത്തിൽ 49 കോടിയും നഷ്ടം 123 കോടിയും നഷ്ടത്തിലാണ് ബാങ്ക്. നീറ്റ് വിഷയത്തിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ധാർമ്മികത മുൻനിറുത്തിയാണ്. കുറ്റപത്രം ലഭിച്ചിട്ടല്ല. ധാർമ്മികത ഉണ്ടെങ്കിൽ ബാങ്ക് മുൻ ഭരണ സമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ രാജി വയ്ക്കണം. അടച്ച് പൂട്ടിയ ബ്രാഞ്ചുകളുടെയും വാടക കൊടുത്ത് കൊണ്ടിരിക്കുകയാണ്. ക്രമക്കേട് നടത്തിയവരുടെ സ്വത്തുകൾ കണ്ട് കെട്ടി നിക്ഷേപർക്ക് തിരിച്ച് നൽകാൻ ഇഡിയുടെ സഹായം തേടും. നഗരസഭ ഓഫീസിന് മുന്നിൽ ആഗസ്റ്റ് 15 നും ബാങ്കിന് മുന്നിൽ 17 മുതൽ 22 വരെയും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു. സമിതി പ്രസിഡണ്ട് പ്രിൻസ് മാത്യു, സെക്രട്ടറി ലിയോ ആൻ്റോ, അഡ്വ ആൻ്റണി തെക്കേക്കര , സി കെ ജോസ്, സുനിൽ കുമാർ, സനോജ് മോഹൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



