
കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തിനെതിരെ കടുത്ത വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഇ20 പെട്രോളിനെക്കുറിച്ചുള്ള ഭയം കാരണം ആളുകൾ പെട്രോൾ കാറുകൾ വാങ്ങുന്നത് നിർത്തിയിരിക്കുകയാണെന്നും, ഇതിനാൽ ഡീലർഷിപ്പുകളിൽ ഇൻവെന്ററികൾ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാഹനം വാങ്ങുന്നവർക്കിടയിൽ ഉടലെടുത്തിട്ടുള്ള ഈ ആശങ്കകൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിക്കുമെന്നും അതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി എഥനോൾ നയം പിൻവലിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ഇ20 പെട്രോളിനെതിരെ രാജ്യവ്യാപകമായി ശേഖരിച്ച 2.38 ലക്ഷം ആളുകളുടെ നിവേദനങ്ങളുമായി ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കെജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി മാർച്ച് നടത്തിയിരുന്നു. ഫിറോസ് ഷാ റോഡിന് സമീപം ഡൽഹി പോലീസ് പ്രതിനിധി സംഘത്തെ തടഞ്ഞതിനെ തുടർന്ന് നേതാക്കൾ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. തുടർന്ന് പോലീസ് കൈപ്പറ്റിയ ഈ നിവേദനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതായി കെജ്രിവാൾ വ്യക്തമാക്കി.
Also Read; “തല പൊട്ടിപ്പിളർന്നേനെ!” പോലീസിന് മുന്നിൽ കല്ലേറെന്ന് മമത; ബംഗാളിൽ സ്ഥിതിഗതികൾ അതിരൂക്ഷം
ജനങ്ങൾക്ക് മേൽ ഇ20 പെട്രോൾ നിർബന്ധമായി അടിച്ചേൽപ്പിക്കുന്നതിന് പകരം, ശുദ്ധമായ പെട്രോളും ഇ20 പെട്രോളും തിരഞ്ഞെടുക്കാനുള്ള അവസരം ഇന്ധന പമ്പുകളിൽ ഉപഭോക്താക്കൾക്ക് നൽകണമെന്ന് കെജ്രിവാൾ വാദിച്ചു. ഇ20 പെട്രോൾ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ കോടിക്കണക്കിന് വാഹന ഉടമകളാണ് ഈ മിശ്രിത ഇന്ധനം കാരണം എഞ്ചിൻ തരാറുകൾ ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ നേരിടുന്നത്.
വിഷയം വിവിധ സംസ്ഥാന നിയമസഭകളിലേക്ക് എത്തിക്കുമെന്നും എഎപി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചാബ് നിയമസഭ കേന്ദ്ര നയത്തിനെതിരെ പ്രമേയം പാസാക്കിക്കഴിഞ്ഞു. ഗോവ, ഗുജറാത്ത്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ എഎപി എംഎൽഎമാരും സമാനമായ പ്രമേയങ്ങൾ സഭകളിൽ അവതരിപ്പിക്കും. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കി വലിയൊരു ബഹുജന പ്രസ്ഥാനത്തിന് രൂപം നൽകുമെന്നാണ് കെജ്രിവാളിന്റെ മുന്നറിയിപ്പ്.
The post “ആളുകൾ പെട്രോൾ കാറുകൾ വാങ്ങുന്നത് നിർത്തി!” കേന്ദ്രത്തിന് മുന്നറിയിപ്പുമായി കെജ്രിവാൾ; E20 പെട്രോൾ നയം പിൻവലിക്കണം appeared first on Express Kerala.




